image

14 Oct 2023 6:37 PM IST

News

ഗ്യാസ് ബുക്ക് ചെയ്യണോ ഇനി ഭാഷിണിയോട് പറഞ്ഞാല്‍ മതി

MyFin Desk

ഗ്യാസ് ബുക്ക് ചെയ്യണോ ഇനി ഭാഷിണിയോട് പറഞ്ഞാല്‍ മതി
X

ഫോണ്‍ എടുത്ത് ഒരു പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യൂ എന്നാവശ്യപ്പെട്ടാല്‍ ഉടനെ സിലിണ്ടര്‍ ബുക്കിംഗ് പൂര്‍ത്തിയായാലോ. പറയുമ്പോള്‍ സംഗതി സിംപളാണല്ലേ. ഇങ്ങനെ ഉപഭോക്താക്കളുടെ ആവശ്യങ്ങളൊക്കെ സിംപിളാക്കുക എന്ന ലക്ഷ്യത്തോടെയാകും ഭാഷിണിയുടെ വരവ്.

എന്താണ് ഭാഷിണി

ഇലക്ട്രിസിറ്റി ബില്ല്, ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഭാഷിണിയോട് പറഞ്ഞാല്‍ മതിയാകും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ ആവശ്യങ്ങള്‍ പറയാന്‍ അവസരം നല്‍കുന്ന ഓപ്ഷന്‍ പേയ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ ഒന്നിലധികം ഭാഷകളില്‍ സേവനം നല്‍കാന്‍ കഴിയുന്ന നാഷണല്‍ ലാംഗ്വേജ് ട്രാന്‍സ് ലേഷന്‍ പ്ലാറ്റ്‌ഫോമായ ഭാഷിണിയെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്തൊക്കെ സേവനങ്ങള്‍

ശബ്ദ നിര്‍ദ്ദേശത്തിലൂടെ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധന, ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍, വൈദ്യുതി ബില്ല്, ഫാസ്ടാഗ് വാലെറ്റ് റീച്ചാര്‍ജ്, ലാന്‍ഡ് ഫോണ്‍ ബില്ലടയ്ക്കല്‍, ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യല്‍, ചലാന്‍ പേയ്‌മെന്റുകള്‍, മെട്രോ കാര്‍ഡ് റീച്ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍ എന്നീ സൗകര്യങ്ങളോടെയാകും ഭാഷിണിയെ അവതരിപ്പിക്കുന്നത്.

ഡിജിറ്റല്‍ സാക്ഷരത ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഇത്തരം സംവിധാനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഭാഷിണിയുടെ ചീഫ് എക്‌സിക്യുട്ടീവായ അമിതാഭ് നാഗിന്റെ അഭിപ്രായം.

ഭാഷണിയുടെ സേവനം 22 ഭാഷകളിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ തന്നെ ഭാഷിണിയുടെ സേവനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അമിതാഭ് നാഗ് അഭിപ്രായപ്പെട്ടു.

ഭാഷിണിയും എന്‍സിപിഐയും കഴിഞ്ഞ മാസം ഗ്ലോബല്‍ ഫിന്‍ടെക് ഉച്ചകോടിയില്‍ ഹലോ യുപിഐ എന്ന പേരില്‍ യുപിഐയില്‍ സംഭാഷണ പേയ്‌മെന്റ് സൗകര്യം അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം മെയ് മാസത്തിലാണ് മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഭാഷിണി ജുഗല്‍ബന്ദി ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്.