26 Jun 2024 12:19 PM IST
Summary
- തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്
- ഓം ബിര്‍ളയെ തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ
- ഓം ബിര്‍ളയെ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്തുണയ്ക്കുള്ള അംഗസംഖ്യ ഭരണസഖ്യത്തിന് അനുകൂലമായിരുന്നു. ശബ്ദ വോട്ടോടെ തെരഞ്ഞെടുക്കപ്പെട്ടശേഷം ഓം ബിര്‍ളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അഭിനന്ദിക്കുകയും ഇരുവരും അദ്ദേഹത്തെ സ്പീക്കറുടെ കസേരയിലേക്ക് ആനയിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ സ്പീക്കറായിരുന്ന ബിര്‍ളയുടെ അനുഭവം രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുരേഷിനെതിരെയാണ് അദ്ദേഹം മത്സരിച്ചത്.
തിങ്കളാഴ്ച രാത്രി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് പ്രതിപക്ഷ നേതാക്കളുമായി ഓം ബിര്‍ളയുടെ നാമനിര്‍ദ്ദേശത്തില്‍ സമവായം തേടിയിരുന്നു. കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ വിഷയം ഖാര്‍ഗെ ഉന്നയിച്ചു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപകഷം ആവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ എന്‍ഡിഎ തയ്യാറായില്ല. തുടര്‍ന്നാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആയത്.
സ്വാതന്ത്ര്യത്തിനുശേഷം ലോക്‌സഭാ സ്പീക്കര്‍ക്കുവേണ്ടി നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.