24 May 2023 5:33 PM IST
കെ.വി തോമസിന് ഒരു ലക്ഷം ഓണറേറിയവും നാല് സ്‍റ്റാഫും:അറിയാം മന്ത്രിസഭയുടെ സാമ്പത്തിക തീരുമാനങ്ങള്‍
MyFin Desk
Summary
- യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് 8,08,70,000 രൂപ
- വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതും പത്തും ശമ്പള പരിഷ്‌കരണം
- വായ്പക്ക് സർക്കാർ ഗ്യാരണ്ടി
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രി സഭാ യോഗം തീരുമാനിച്ചു. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്‍കി.
മറ്റു സാമ്പത്തിക തീരുമാനങ്ങള്‍
യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ ഭരണാനുമതി
തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് 8,08,70,000 രൂപയ്ക്ക് ഭരണാനുമതി നല്‍കി.
സര്‍ക്കാര്‍ ഗ്യാരന്റി
കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്‌സ്‌റ്റൈല്‍സിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവര്‍ത്തനമൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരന്റി കാലയളവ് വ്യവസ്ഥകള്‍ക്കു വിധേയമായി 01.01.2023 മുതല്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടും.
ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം
കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതും പത്തും ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.