image

30 Jun 2025 4:05 PM IST

News

സാര്‍ക്കിനുപകരം പുതിയ കൂട്ടായ്മയ്ക്ക് പാക്കിസ്ഥാനും ചൈനയും ബംഗ്ലാദേശും

MyFin Desk

pakistan, china and bangladesh for new grouping to replace saarc
X

Summary

  • ജൂണ്‍ 19 ന് ചൈനയിലെ കുമിങ്ങില്‍ ഇതിനുള്ള പ്രാഥമിക യോഗം നടന്നു
  • ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ളവര്‍ പുതിയ കൂട്ടായ്മയുടെ ഭാഗമായേക്കും


സാര്‍ക്കിന് പകരമായി ഒരു പുതിയ പ്രാദേശിക കൂട്ടായ്മ സൃഷ്ടിക്കാന്‍ പാക്കിസ്ഥാനും ചൈനയും ശ്രമിക്കുന്നു. ഇന്ത്യ ഒരു പ്രമുഖ അംഗമായിരുന്ന സാര്‍ക്കിനെ ഒഴിവാക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. ഇസ്ലാമാബാദും ബെയ്ജിംഗും തമ്മിലുള്ള പ്രാദേശിക കൂട്ടായ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജൂണ്‍ 19 ന് ചൈനയിലെ കുമിങ്ങില്‍ നടന്ന പുതിയ പ്രാദേശിക കൂട്ടായ്മ സൃഷ്ടിക്കുന്നതിനുള്ള യോഗത്തില്‍ ബംഗ്ലാദേശും പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

'ജൂണ്‍ 19 ന് കുമിങ്ങില്‍ നടന്ന യോഗത്തിന്റെ ആത്യന്തിക ലക്ഷ്യം സാര്‍ക്കിന്റെ ഭാഗമായിരുന്ന മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ പുതിയ ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കുക എന്നതായിരുന്നു,' കറാച്ചി ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

1985 ഡിസംബര്‍ 8 ന് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് അതിന്റെ ചാര്‍ട്ടര്‍ അംഗീകരിച്ചുകൊണ്ട് സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍ (സാര്‍ക്ക്) രൂപീകരിച്ചു. ഏഴ് സ്ഥാപക അംഗങ്ങള്‍ ഉണ്ടായിരുന്നു. 2007 ല്‍ അഫ്ഗാനിസ്ഥാനും ഗ്രൂപ്പില്‍ ചേര്‍ന്നു .

2014 ലെ കാഠ്മണ്ഡു ഉച്ചകോടിക്ക് ശേഷം സാര്‍ക്ക് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. എന്നാല്‍ കോവിഡ്-19 അടിയന്തര ഫണ്ട് നിര്‍ദ്ദേശിക്കുന്നതിനായി 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ സാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തത്. ഇന്ത്യയുടെ സംഭാവനയായി 10 മില്യണ്‍ ഡോളര്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.

19-ാമത് സാര്‍ക്ക് ഉച്ചകോടി ആ വര്‍ഷം നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്നു, എന്നാല്‍ ഉറി ഭീകരാക്രമണത്തില്‍ 17 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ അത് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭീകരവാദത്തെയും പ്രാദേശിക ഇടപെടലുകളെയും കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഉച്ചകോടി റദ്ദാക്കി. അതിനുശേഷം അത് പുനഃക്രമീകരിച്ചിട്ടില്ല.

ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സാര്‍ക്ക് അംഗങ്ങള്‍ പുതിയ ഗ്രൂപ്പിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.