11 Aug 2025 10:42 AM IST
Summary
'നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ലോകത്തിന്റെ പകുതിയും തകര്‍ക്കും'
ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീര്‍. സേനാമേധാവിയുടെ യുഎസ് സന്ദര്‍ശന വേളയിലാണ് വിവാദപരമായ പ്രസ്താവന മുനീര്‍ നടത്തിയത്.
ന്യൂഡല്‍ഹിയില്‍ നിന്ന് നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇസ്ലാമാബാദ് 'ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന്' ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ബിസിനസുകാരനും ഓണററി കോണ്‍സലുമായ അദ്നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുക്കവേയാണ് ഈ പരാമര്‍ശം.
മൂന്നാമതൊരു രാജ്യത്തിനെതിരെ യുഎസ് പ്രദേശത്ത് നിന്ന് ആണവ ഭീഷണി ഉയരുന്നതിന്റെ അറിയപ്പെടുന്ന ആദ്യ സംഭവമാണ് ഈ പരാമര്‍ശങ്ങള്‍.
ഈ വര്‍ഷം പാക് സൈനിക മേധാവിയുടെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ജൂണില്‍, മുനീര്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. അന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നില്‍ അദ്ദേഹം പങ്കെടുത്തു.രാഷ്ട്രത്തലവന്മാരോ സര്‍ക്കാര്‍ മേധാവികളോ പ്രസിഡന്റിനെ സന്ദര്‍ശിക്കുമ്പോള്‍ സാധാരണയായി ലഭിക്കുന്ന ഒരു ചടങ്ങാണിത്.
സിന്ധു നദീജല കരാറിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോള്‍, 10 മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും'', അത്താഴവിരുന്നില്‍ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ലെന്നും മിസൈലുകള്‍ക്ക് തങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും മുനീര്‍ തുറന്നടിച്ചു.
ഏപ്രില്‍ 22-ന് ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്നാണ്് 60 വര്‍ഷത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവച്ചത്.
പാക്കിസ്ഥാന്‍ സൈനിക മേധാവി ഇന്ത്യയോടുള്ള തന്റെ രാജ്യത്തിന്റെ യഥാര്‍ത്ഥ നിലപാട് തുറന്നുകാട്ടി. 'ഫെരാരി പോലെ ഒരു ഹൈവേയില്‍ വരുന്ന തിളങ്ങുന്ന മെഴ്സിഡസാണ് ഇന്ത്യ. പക്ഷേ നമ്മള്‍ ചരല്‍ നിറഞ്ഞ ഒരു ഡംപ് ട്രക്ക് ആണ്. ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് പരാജയപ്പെടുക?' ഫ്‌ലോറിഡയില്‍ നടന്ന ഒരു പാക് കമ്മ്യൂണിറ്റി പരിപാടിയില്‍ മുനീര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.