27 Aug 2023 5:42 PM IST
Summary
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധാര്‍മ്മിക ഉപയോഗമാണ് ഉണ്ടാകേണ്ടത്
- ഇന്ത്യ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുഖമായി മാറി
ക്രിപ്റ്റോകറന്‍സികളുടെ ആഗോള ചട്ടക്കൂട് ആവശ്യമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ധാര്‍മ്മിക ഉപയോഗമാണ് ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഐഐ സംഘടിപ്പിച്ച ബി20 ഇന്ത്യ 2023നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷത്തിലൊരിക്കല്‍ 'അന്താരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ ദിനം' ആചരിക്കാനും നിലവിലെ കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിംഗില്‍ നിന്ന് 'ഗ്രീന്‍ ക്രെഡിറ്റിലേക്ക്' മാറാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വ്യാവസായിക വികസനത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുഖമായി മാറിയെന്നും രാജ്യത്തിന് കാര്യക്ഷമവും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ പരമാവധി സംയോജിത സമീപനം ആവശ്യമാണ്. എല്ലാ പങ്കാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ആഗോള ചട്ടക്കൂട് തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കരുതുന്നതായും മോദി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തിലും സമാനമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിസിനസുകള്‍ അതിരുകള്‍ക്കും അതിര്‍ത്തികള്‍ക്കും അപ്പുറത്തേക്ക് മുന്നേറിയിരിക്കുന്നു. വ്യാപാരത്തെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ട സമയമാണിത്. വിതരണ ശൃംഖലയുടെ മികവിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.