8 Oct 2025 2:49 PM IST
Summary
മേക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇതാണ് ഏറ്റവും മികച്ച സമയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈല്‍ ഫോണുകള്‍ മുതല്‍ സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് വരെയുള്ള മേഖലകളില്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ന്യൂഡെല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2025 ന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയാരുന്നു പ്രധാനമന്ത്രി.
മികച്ച നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും, സര്‍ക്കാരിന്റെ സമീപനവും, അനായാസം ബിസിനസ് ചെയ്യാനുള്ള സൗകര്യവും രാജ്യത്തെ ഒരു നിക്ഷേപക സൗഹൃദ ലക്ഷ്യസ്ഥാനമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷം വലിയ മാറ്റങ്ങളുടെയും പരിഷ്‌ക്കാരങ്ങളുടെയും വര്‍ഷമായിരിക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ പറഞ്ഞിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സെമികണ്ടക്ടറുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി വ്യവസായങ്ങളും നവീനാശയമുള്ളവരും സ്റ്റാര്‍ട്ടപ്പുകളും മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ കൈവരിച്ച വലിയ പുരോഗതി പട്ടികപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ഒരു കപ്പ് ചായയുടെ വിലയേക്കാള്‍ വിലകുറഞ്ഞതാണെന്ന് വിശദീകരിച്ചു. 'ഇന്ത്യയില്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇനി ഒരു പദവിയോ ആഡംബരമോ അല്ല. ഇപ്പോള്‍ അത് ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡെവലപ്പര്‍ ജനസംഖ്യ ഇന്ത്യയിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയും രണ്ടാമത്തെ വലിയ 5ജി വിപണിയും ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.