image

2 July 2023 3:54 PM IST

Policy

തായ്വാന്‍ ടെക് സ്ഥാപനങ്ങള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക്

MyFin Desk

taiwan tech firms from china to india
X

Summary

  • ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം കമ്പനികളെ മാറ്റത്തിന് പ്രേരിപ്പിക്കുന്നു
  • തായ്‌പേയ് കമ്പനികളെ ബെയ്ജിംഗ് വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നു
  • ഇന്ത്യ-തായ്‌പേയ് വ്യാപാരവും കുതിപ്പില്‍


തായ്വാനിലെ പ്രമുഖ ടെക്നോളജി സ്ഥാപനങ്ങള്‍ ചൈനീസ് വിപണിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനായി തങ്ങളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് അവിടുത്തെ അധികൃതര്‍ സൂചിപ്പിക്കുന്നു. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് ഇങ്ങനെ ഒരു ചുവടുമാറ്റത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.

സെമികണ്ടക്റ്ററുകളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും നിര്‍മ്മാണം ഉള്‍പ്പെടെ നിര്‍ണായകമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ ന്യൂഡല്‍ഹിയും തായ്പേയിയും തമ്മില്‍ സഹകരിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് തായ്വാനിലെ ദേശീയ വികസന ഡെപ്യൂട്ടി മന്ത്രി കാവോ ഷിയെന്‍-ക്വെ പറഞ്ഞു.

ഒരു കൂട്ടം അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍, പ്രമുഖ സാങ്കേതിക ഭീമന്മാര്‍ തങ്ങളുടെ ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യയെ നോക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തായ്വാനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന രാജ്യമാണെന്ന് ആസിയാന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ ക്രിസ്റ്റി സുന്‍-ത്സു ഹ്‌സു വിശേഷിപ്പിച്ചു. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന തായ്വാന്‍ കമ്പനികളെ വിഘടിപ്പിക്കാന്‍ അവര്‍ശ്രമിക്കുകയാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ നാട്ടിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുവഴികള്‍ തേടാനാണ് അവര്‍ശ്രമിക്കുന്നത്.

ബെയ്ജിംഗുമായുള്ള വാഷിംഗ്ടണിന്റെ വ്യാപാര തര്‍ക്കവും തായ്വാനിന് ചുറ്റുമുള്ള ചൈനീസ് സൈന്യത്തിന്റെ വര്‍ധിച്ചുവരുന്ന വിന്യാസവും കണക്കിലെടുത്ത് പ്രമുഖ തായ്വാനീസ് കമ്പനികള്‍ ചൈനയില്‍ നിന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റാന്‍ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പലോസി ദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം ചൈനയും തായ്വാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ (ടിഎസ്എംസി) ഉള്‍പ്പെടെയുള്ള പ്രമുഖ തായ്വാനീസ് ചിപ്പ് നിര്‍മ്മാതാക്കളുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ട്. തായ്വാനില്‍ നിന്നുള്ള പ്രമുഖ വ്യവസായങ്ങള്‍ക്ക് മാത്രമായി സ്ഥാപിക്കുന്ന ഇന്ത്യയിലെ രണ്ട് വ്യവസായ പാര്‍ക്കുകളില്‍ അവിടുത്തെ കമ്പനികള്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോകുകയാണെന്ന് അറിയുന്നു. ഒരു തായ്വാനീസ് അര്‍ദ്ധചാലക കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോസ്ഥര്‍ അറിയിക്കുന്നുമുണ്ട്.

സ്മാര്‍ട്ട്ഫോണുകള്‍, കാര്‍ ഘടകങ്ങള്‍, ഡാറ്റാ സെന്ററുകള്‍, യുദ്ധവിമാനങ്ങള്‍, എഐ സാങ്കേതികവിദ്യകള്‍ തുടങ്ങി എല്ലാറ്റിനും ആവശ്യമായ ലോകത്തിലെ അര്‍ദ്ധചാലകങ്ങളുടെ 70 ശതമാനവും ഏറ്റവും നൂതനമായ ചിപ്പുകളുടെ 90 ശതമാനവും തായ്വാന്‍ ഉല്‍പ്പാദിപ്പിക്കുന്നു. 'ചൈന-പ്ലസ്-വണ്‍' തന്ത്രം ലക്ഷ്യമിടുന്നത് ആ രാജ്യത്ത് തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചൈനയ്ക്ക് പുറത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ വലുതാണെന്നും ചൈനയുമായുള്ള വ്യാപാര ചലനാത്മകതയില്‍ മാറ്റം വരുത്താന്‍ തായ്വാന് ചില അവസരങ്ങള്‍ നല്‍കാമെന്നാണ് കാഴ്ചപ്പാടെന്നും സുന്‍-ത്സു ഹ്‌സു പറഞ്ഞു.

ഇത് വ്യാപാരത്തെക്കുറിച്ച് മാത്രമല്ല, തന്ത്രപരമായ സഹകരണത്തെക്കുറിച്ചാണ്. യുഎസ്-ചൈന വ്യാപാര യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഞങ്ങളുടെ കമ്പനികള്‍ ഇന്ത്യയിലേക്ക് മാറുന്നത് പരിഗണിക്കുകയായിരുന്നു, കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ വലുതാണ്-സുന്‍-ത്സു ഹ്‌സു പിശദീകരിച്ചു. തായ്വാന്‍ ഗവണ്‍മെന്റ് ഇന്ത്യയുമായി വ്യാപാര ഇടപാട് നടത്താന്‍ ശ്രമിക്കുന്നുണ്ട്.

ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ തായ്വാന്‍ ആസ്ഥാനമായുള്ള ഫോക്സ്‌കോണിന് തമിഴ്നാട്ടില്‍ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രമുണ്ട്. അടുത്ത വര്‍ഷം ഏപ്രിലോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രം കര്‍ണാടകയില്‍ കമ്പനി സ്ഥാപിക്കുകയാണ്. ഇന്ത്യയില്‍ തായ്വാന്‍ നിക്ഷേപം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു സുപ്രധാന ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയില്‍ ന്യൂ ഡല്‍ഹിയും തായ്പേയും അഞ്ച് വര്‍ഷം മുമ്പ് ഒപ്പുവെയക്കുകയും ചെയ്തിരുന്നു. ഇന്ത്യയും തായ്വാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഉയര്‍ച്ചയിലാണ്. വ്യാപാരത്തിന്റെ അളവ് 2006-ല്‍ രണ്ട ബില്യണ്‍ ഡോളറില്‍ നിന്ന് 2021-ല്‍ 8.9 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

അര്‍ദ്ധചാലക നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയും തായ്വാനും തമ്മില്‍ സഹകരിക്കുന്നതിന് ധാരാളം ഇടമുണ്ടെന്ന് ഡെപ്യൂട്ടി മന്ത്രി ഷിയാന്‍ ക്യൂ പറഞ്ഞു.

ഇന്ത്യക്ക് തായ്വാനുമായി ഔപചാരിക നയതന്ത്ര ബന്ധമില്ല, എന്നാല്‍ ഇരുപക്ഷത്തിനും വ്യാപാരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവുമുണ്ട്. ചൈനയുമായുള്ള കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന്, ഇന്ത്യയിലെ ചില വിദഗ്ധര്‍ തായ്പേയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധം നവീകരിക്കാന്‍ ശ്രമിക്കുന്നു, പ്രത്യേകിച്ച് വ്യാപാര, നിക്ഷേപ മേഖലകളില്‍.