30 April 2023 6:30 PM IST
Summary
- ഇന്ത്യയില്‍ റൂബിള്‍ ഉപയോഗിക്കാം
- യുപിഐയുമായുള്ള സഹകരണവും
റൂപേ, മിര്‍ കാര്‍ഡുകള്‍ക്ക് പരസ്പരം സ്വീകാര്യത നല്‍കാന്‍ ഇന്ത്യയും റഷ്യയും. രണ്ട് രാജ്യത്തും ഈ കാര്‍ഡുകള്‍ തടസ്സങ്ങളില്ലാതെ ഉപയോഗിക്കാന്‍ പൗരന്മാരെ അനുവദിക്കുന്നതിനുള്ള ആലോചനകളിലാണ് ഇരുരാജ്യങ്ങളും . റഷ്യയില്‍ പോകുന്നവര്‍ക്ക് റൂപേയും ഇന്ത്യയിലേക്ക് വരുന്ന റഷ്യയ്ക്കാര്‍ക്ക് മിര്‍ കാര്‍ഡ്‌സും ഉപയോഗിക്കാന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കും.അടുത്തിടെ നടന്ന ഇന്റേണല്‍ ഗവണ്‍മെന്റ് കമ്മീഷന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
പുതിയ നീക്കങ്ങള്‍ ഇന്ത്യക്കാരെ രൂപയിലും റഷ്യക്കാര്‍ക്ക് ഇവിടെ വരുമ്പോള്‍ റൂബിളിലും ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും റഷ്യന്‍ ഉപപ്രധാനമന്ത്രി ഡനിസ് മാന്റുറോവും ചേര്‍ന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യയുടെ യുപിഐയുടെയും ബാങ്ക് ഓഫ് റഷ്യയുടെ ഫാസ്റ്റര്‍ ഫേയ്‌മെന്റ് സിസ്റ്റത്തിന്റെയും സാധ്യതകള്‍ പരിശോധിക്കാനും ധാരണയായി. ക്രോസ്സ് പേയ്‌മെന്റ്‌സിനായി രണ്ട് രാജ്യങ്ങളിലെയും ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ക്ക് സന്ദേശം അയക്കാനും സ്വീകരിക്കാനുമുള്ള സാധ്യതകള്‍ തേടുന്നുണ്ട്.