21 July 2025 5:01 PM IST
Summary
- കേരളത്തിന്റെ സമര നായകന് വിട
- അന്ത്യം 101 -ാം വയസ്സിൽ
- പാമോലിൻ, ഐസ്‌ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി
ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിൽ 1923 ഒക്ടോബർ 20 ന് ജനനം. വേലിക്കകത്ത് അച്യുതാനന്ദനായി വളർന്നു; വി.എസ് അച്യുതാനന്ദനായി പടർന്നു. ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിൻ്റെ മാന്ത്രികതയിൽ മലയാളികളുടെയാകെ ഹൃദയത്തിൽ കുടിയേറിയ വിഎസ്.
കുട്ടിക്കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പുന്നപ്ര- പറവൂർ ജംഗ്ഷനിലെ ജ്യേഷ്ഠൻ ഗംഗാധരൻ്റെ തയ്യൽക്കടയിലെ സഹായിയായി കൂടി. സമീപമുള്ള കയർഫാക്ടറി തൊഴിലാളികളുടെ സന്ദർശന കേന്ദ്രം. തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും നാട്ടിലെ സംഭവവികാസങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിൽ ബാലനായ അച്യുതാനന്ദൻ്റെ കണ്ണും കാതും ഉടക്കി. ഇതാണ് അദ്ദേഹത്തെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയായി എത്തിച്ചത്. ജോലിക്കിടയിൽ ഒരു ദിവസം സഖാവ് പി. കൃഷ്ണപിള്ള വരുന്നു. ആ കൂടിക്കാഴ്ച, യൗവ്വനത്തിലേക്ക് പദമൂന്നിക്കൊണ്ടിരുന്ന അച്ചുതാനന്ദൻ്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നാൽപ്പതുകളുടെ ആദ്യം കുട്ടനാട്ടിലേക്ക് പോയി. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കുട്ടനാടൻ പാടവരമ്പുകളിലും ചതുപ്പുകളിലും നീന്തിയും തുടിച്ചും നടത്തിയ പ്രവർത്തനം.
1943 ..
തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ സ്ഥാപിക്കപ്പെട്ടു. സംഘടന പിന്നീട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനായി. പിന്നെ അഖിലേന്ത്യാകർഷക തൊഴിലാളി യൂണിയനായും വളർന്നു.
പിന്നെ യുവാവായ വി എസിനെ കാണുന്നത് മികച്ച സംഘാടകനായാണ്.
ചെത്തുതൊഴിലാളി യൂണിയൻ, മത്സ്യ തൊഴിലാളി യൂണിയൻ, കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ..
കയർ ഫാക്ടറി തൊഴിലാളി സമരം ഒടുവിൽ പുന്നപ്ര വയലാർ സമരമായി ഇതിഹാസം രചിച്ചു. സമരത്തെത്തുതുടർന്ന് പൂഞ്ഞാറിൽ ഒളിവിലിരിക്കുമ്പോൾ പൊലീസ് പിടിയിലായി. കൊടുംമർദ്ദനം. കാൽ വെള്ളയിൽ പോലിസ് ബയണറ്റ് കുത്തിയിറക്കി.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. 1964 ൽ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാൾ. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഐ -എം രൂപീകരണത്തിന് നാന്ദി കുറിച്ചത്.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ– ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിക്കാത്ത പദവികളില്ല.
ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും, വിഎസിനെ കമ്യൂണിസ്റ്റ് കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. 'കണ്ണേ കരളേ' എന്ന് വിളിച്ച് കൂടെ നിന്നു. നാല്പതുകളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ, 2014ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ, എല്ലാ ചൂഷിതവ്യവസ്ഥകളോടും പൊരുതി, കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി വിഎസ്. നിയമസഭക്കകത്തും പുറത്തും വി എസ് തൻ്റേതായ ശൈലിയിൽ നടത്തിയ പ്രസംഗങ്ങളും നർമ്മം കലർന്ന പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
പാമോലിൻ, ഐസ്‌ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി. എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേർത്തുപിടിച്ചു. അങ്ങനെ, സമരമെന്നാൽ, കേരളത്തിന് വിഎസായി.
ഓദ്യോഗിക നേതൃത്വം എതിർത്തപ്പോഴും കൂസാതെ അദ്ദേഹം മുന്നോട്ടു പോയി.
എൺപത്തിമൂന്നാം വയസിൽ കേരളമുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടിവന്നതും ചരിത്രം.
വിഎസ് ഉണർന്നു പ്രവർത്തിച്ചപ്പോഴെല്ലാം കേരള രാഷ്ട്രീയവും ഉണർന്നു. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗത്തിന്റെ ചാരുത ഇനി ഓർമ്മയാകും. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച സാക്ഷാൽ വിഎസ്. എ. കെ ജി യ്ക്കു ശേഷം ഏറ്റവും ജനകീയനായ കമ്യൂണിസ്റ്റ് നേതാവ്.