18 April 2023 5:14 PM IST
Summary
- ജയില്‍ വകുപ്പും ഖാദി ബോര്‍ഡും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് ഖാദി ബോര്‍ഡാണ് നൂലുകള്‍ നല്‍കുന്നത്
- ജയിലുകളിലെ നെയ്ത്തുകാര്‍ക്കുള്ള വേതനം ജയില്‍ വകുപ്പ് തീരുമാനിക്കും
- ഖാദി ബോര്‍ഡിന് സെന്‍ട്രല്‍ ജയിലുകളില്‍ കൈത്തറികളും പവര്‍ലൂമുകളും
ജയിലുകളില്‍ നിന്ന് ഭക്ഷണവും പാദരക്ഷയും മാത്രമല്ല ഇനി ഖാദി തുണികളും എത്തും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലെ നെയ്ത്തുശാലകളില്‍നിന്ന് ഈമാസം അവസാനത്തോടെ ഖാദി തുണികള്‍ വിപണിയിലെത്താന്‍ പോവുകയാണ്. ജയിലുകളില്‍ ഖാദി തുണിത്തരങ്ങള്‍ ഉല്‍പ്പാദിക്കുന്നതിന് കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി ജയില്‍ വകുപ്പ് നേരത്തെ ധാരണപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
തടവുകാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഖാദി വകുപ്പ് ജയില്‍ വകുപ്പുമായി കരാറിലേര്‍പ്പെട്ടത്.
കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്ക് നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, മറ്റു ഗ്രാമീണ വ്യവസായ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കിയിരുന്നു.
ജയില്‍ വകുപ്പും ഖാദി ബോര്‍ഡും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് ജയിലുകള്‍ക്ക് ഖാദി ബോര്‍ഡാണ് നൂലുകള്‍ നല്‍കുന്നത്. പരിശീലനം ലഭിച്ച തടവുകാര്‍ നൂലില്‍നിന്ന് തുണികള്‍ തയ്യാറാക്കുകയും അത് ബോര്‍ഡ് തിരികെ വാങ്ങുകയും ചെയ്യും. തുണിത്തരങ്ങള്‍ കൂടാതെ മറ്റു ഉല്‍പ്പന്നങ്ങളും ഖാദി ബോര്‍ഡ് വഴി വില്‍ക്കാനുള്ള അവസരം ഒരുക്കും.
ജയിലിലെ നെയ്ത്തുകാര്‍ക്ക് ഖാദി ബോര്‍ഡിനു കീഴിലുള്ള നെയ്ത്തുകാര്‍ക്ക് നല്‍കുന്ന അതേ പ്രതിഫലം നല്‍കാനാണ് തീരുമാനമെന്ന് ഖാദി ബോര്‍ഡ് പറയുന്നു. എന്നാല്‍ ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ കഴിയില്ല. ജയിലുകളിലെ നെയ്ത്തുകാര്‍ക്കുള്ള വേതനം ജയില്‍ വകുപ്പ് തീരുമാനിക്കും.
നിലവില്‍ ഖാദി ബോര്‍ഡിനു കീഴിലെ ഒരു നെയ്ത്തുകാരന്‍ അടിസ്ഥാന പ്രതിഫലവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഏകദേശം 10,000 രൂപ സമ്പാദിക്കുന്നുണ്ട്.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ജയില്‍ തടവുകാര്‍ തയ്യാറാക്കിയ തുണിത്തരങ്ങളും റെഡിമെയ്ഡ് ഷര്‍ട്ടുകളും ഖാദി ബോര്‍ഡ് നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ പുറത്തു ചെയ്തു കൊടുക്കാനും ജയില്‍ വകുപ്പിന് പദ്ധതിയുണ്ട്.
അന്തേവാസികള്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഇടപാടുകാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ജയില്‍ വകുപ്പ്. ഖാദി ബോര്‍ഡിന് സെന്‍ട്രല്‍ ജയിലുകളില്‍ കൈത്തറികളും പവര്‍ലൂമുകളും ഉണ്ട്. ആവശ്യമെങ്കില്‍ ബെഡ് ഷീറ്റുകള്‍, തലയിണകള്‍, വസ്ത്രങ്ങള്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനും ബോര്‍ഡ് ഒരുങ്ങുകയാണ്