21 Jan 2023 8:02 PM IST
Summary
- കിലോഗ്രാമിന് ഏകദേശം രണ്ട് ലക്ഷം രൂപ വരെ വില ലഭിക്കുന്ന കാശ്മീരി കുങ്കുമപ്പൂവാണ് ലാബില്‍ വികസിപ്പിച്ചത്
ഇന്ത്യയില്‍ കാശ്മീരിലും ഹിമാചലിലുമൊക്കെ വ്യാപകമായ കൃഷിയാണ് കുങ്കുമപ്പൂവ്. ചുവന്ന സ്വര്‍ണം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് വാണിജ്യപരമായി ഒട്ടേറെ സാധ്യതകള്‍ ഉള്ള ഒന്നാണ്. മികച്ച വിപണി വിലയാണ് കാരണം. കിലോഗ്രാമിന് ഏകദേശം രണ്ട് ലക്ഷം രൂപ വരെ വില ലഭിക്കുന്ന കാശ്മീരി കുങ്കുമപ്പൂവ് ലാബില്‍ വികസിപ്പിച്ചിരിക്കുകയാണ് വെള്ളായണി കാര്‍ഷിക കോളേജ്. ഇവിടുത്തെ ബയോടെക്‌നോളജി ലാബിലാണ് ഏറെ വാണിജ്യ സാധ്യതകളുള്ള പരീക്ഷണം വിജയകരമായി നടന്നത്. കാശ്മീരിലെ കര്‍ഷകരില്‍ നിന്ന് ലഭിച്ച വിത്ത് ഉപയോഗിച്ചാണ് ചെടി വിരിയിച്ചത്. നിയന്ത്രിത താപനിലയിലാണ് ചെടിയും അതില്‍ നിന്ന് പൂവും വിരിഞ്ഞത്.
കാശ്മീരിലെ കാര്‍ഷിക സര്‍വകലാശാലയാണ് കൃഷിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ടിഷ്യൂ കള്‍ച്ചറിലൂടെ ടെസ്റ്റ്ട്യൂബിനുള്ളില്‍ പൂ വിരിയിച്ചെടുക്കാനുള്ള ശ്രമം വിജയിച്ചതോടെ കൃഷിക്കാവശ്യമായ വിത്തുകള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ഔഷധ ഗുണം ഏറെ
ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന കുങ്കുമത്തില്‍ അടങ്ങിയിട്ടുള്ള കരോട്ടിനോയിടുകള്‍ അര്‍ബുദത്തിനെയും ജനിതകമാറ്റത്തെയും ചെറുക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മരുന്ന് നിര്‍മാണത്തിന് മാത്രമല്ല നിരവധി സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. സുഗന്ധദ്രവ്യങ്ങളിലും ഉപയോഗിക്കുന്നു. രുചിക്കും നിറത്തിനുമായി ഭക്ഷ്യപദാര്‍ത്ഥങ്ങളിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്.
പ്രതിവര്‍ഷം 300 ടണ്‍; രണ്ടാം സ്ഥാനത്ത് ഇന്ത്യ
ലോകത്തിലെ കുങ്കുമപ്പൂവ് ഉല്‍പ്പാദനം പ്രതിവര്‍ഷം 300 ടണ്‍ ആണ്. ഇറാന്‍, ഇന്ത്യ, സ്‌പെയിന്‍, ഗ്രീസ് എന്നിവയാണ് പ്രധാനമായി കുങ്കുമം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍. ഇറാനാണ് ഏറ്റവും കൂടുതല്‍ കുങ്കുമം ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ കുങ്കുമം ഉല്‍പാദനത്തിന്റെ 88 ശതമാനം സംഭാവന ചെയ്യുന്നു. ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മൊത്തം ഉല്‍പ്പാദനത്തിന്റെ ഏകദേശം ഏഴ് ശതമാനം മാത്രമാണിവിടെയുള്ളത്. കുങ്കുമപ്പൂവിന്റെ പ്രാദേശിക വകഭേദങ്ങള്‍ക്കും മുന്തിയ ഇനങ്ങള്‍ക്കും പൊന്നുംവില നല്‍കണം.
കിഴങ്ങാണ് താരം
കൃഷിക്കായി കിഴങ്ങാണ് ഉപയോഗിക്കുന്നത്. നട്ട് ആദ്യത്തെ വര്‍ഷം 60 മുതല്‍ 65 ശതമാനം വരെ കിഴങ്ങുകളില്‍ നിന്നും ഓരോ പൂക്കള്‍ വീതമാണ് ലഭിക്കുക. ഒരു ഗ്രാം ഉണങ്ങിയ കുങ്കുമപ്പൂവ് കിട്ടാന്‍ 150 മുതല്‍ 160 വരെ പൂക്കള്‍ ആവശ്യമായി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കില്‍ ഒരു കിലോഗ്രാം പൂക്കള്‍ വേണ്ടിവരും. കാര്യമായ ജലസേചനം ഒന്നും ആവശ്യമില്ലാത്ത ചെടി നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ വളരും. വാണിജ്യാവശ്യങ്ങള്‍ക്കായി പൂക്കളില്‍ നിന്ന് ഉള്ളിലെ ചുവന്ന നാര് വേര്‍തിരിച്ച് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.