24 Sept 2023 4:38 PM IST
Summary
- ഖാലിസ്ഥാന്‍ ഭീകര്‍ക്കെതിരായ നടപടികളുടെ ഭാഗമാണ് കണ്ടുകെട്ടല്‍
- ഇന്ത്യാക്കാര്‍ക്കെതിരെ ഭീഷണി മുഴക്കിയ പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
രാജ്യം വിട്ട പത്തൊന്‍പത് ഖാലിസ്ഥാന്‍ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടുമെന്ന് ഇന്ത്യയുടെ ഫെഡറല്‍ ഭീകരവിരുദ്ധ ഏജന്‍സി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ നേതാവായ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വീടും സ്ഥലവും എന്‍ഐഎ ശനിയാഴ്ച കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
ചണ്ഡീഗഡിലെ ഖാലിസ്ഥാന്‍ അനുകൂല നേതാവ് പന്നുവിന്റെ വസതിക്ക് പുറത്തും പഞ്ചാബിലെ അമൃത്സറിലെ കൃഷിഭൂമിക്ക് സമീപവുമാണ് 'വസ്തു കണ്ടുകെട്ടല്‍' നോട്ടീസ് പതിച്ചിരിക്കുന്നത്.
മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും പൊതുവേദികളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു ഓണ്‍ലൈന്‍ വിദ്വേഷ പ്രസംഗ വീഡിയോയിലൂടെ പന്നു ഭീഷണി മുഴക്കിയിരുന്നു. കനേഡിയന്‍ ഹിന്ദുക്കളോട് കാനഡ വിടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചു. അവസാനം കാനഡയിലെ മന്ത്രിമാര്‍ക്കുവരെ ഈ ഭീഷണിതള്ളി രംഗത്തുവരേണ്ടിവന്നു. കാനഡ ലോകത്തിലെ സുരക്ഷിത രാജ്യമാണെന്ന അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഭീഷണി ഉണ്ടായത്.
നേരത്തെ, കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യയിലെ സ്വത്തുക്കളും ശനിയാഴ്ച എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.