image

22 Sept 2023 5:50 PM IST

Politics

ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞതായി സര്‍വേ

MyFin Desk

ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞതായി സര്‍വേ
X

Summary

  • പ്രതിപക്ഷ നേതാവിന് ഉയര്‍ന്ന ജനപ്രീതി
  • സാമ്പത്തിക നയങ്ങള്‍ ട്രൂഡോയ്ക്ക് തിരിച്ചടിയായി
  • ഇന്ത്യാ-കാനഡ ബന്ധം വഷളായ സാഹചര്യത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്


ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതോടെ കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനസമ്മതി കുറയുന്നതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയിലീവര്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യതയുള്ള നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 40 ശതമാനം പേരുടെ പിന്തുണയാണ് കണ്‍സര്‍വേറ്റീവ് നേതാവിന് ലഭിച്ചത്. ട്രൂഡോയുടെ ജനപ്രീതി 31 ശതമാനം മാത്രമാണ്. എന്നാല്‍ 2022ല്‍ നിന്ന് പിയറിയുടെ അനുകൂലഘടകങ്ങള്‍ അഞ്ച് പോയിന്റ് ഉയര്‍ന്നു.

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. . ജീവിതച്ചെലവ്, വീട്, പണപ്പെരുപ്പം എന്നിവയെല്ലാം ജനങ്ങളെ വലയ്ക്കുന്നുണ്ട്. സാമ്പത്തിക ആശങ്കകള്‍ കാനഡയെ ബാധിച്ചു എന്നതിന് തെളിവാണ് കണ്‍സര്‍വേറ്റീവ് നേതാവിന്റെ ജനപ്രീതിക്ക് കാരണമായതെന്നും വിലയിരുത്തപ്പെടുന്നു.

കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലായിരിക്കുന്ന സമയത്താണ് വോട്ടെടുപ്പ് ഫലങ്ങള്‍ വരുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം ആരംഭിച്ചു.കാനഡ പിന്നീട് സെപ്റ്റംബര്‍ 19 ന് ഒരു ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കി, ഇതിന് മറുപടിയായി ഇന്ത്യയും ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കി.

തുടര്‍ന്ന് ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ ഉപദേശങ്ങള്‍ നല്‍കി. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വര്‍ധിച്ചുവരുന്ന പിരിമുറുക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ താളം തെറ്റിക്കും.

സ്വന്തം മണ്ണില്‍ ട്രൂഡോയുടെ ജനപ്രീതി കുറയുന്നതിന് കാരണം രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. സമ്പദ്വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം എന്നിവയെ കേന്ദ്രീകരിച്ചാണ് എറ്റവും അധികം പരാതികള്‍ ഉള്ളത്. ഈ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ക്യൂബെക്ക് ഒഴികെ എല്ലാ കനേഡിയന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും പിയറിയുടെ ജനപ്രീതി മുന്നിലാണ്.

ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉറച്ച പിന്തുണക്കാരനായ എന്‍ഡിപി പാര്‍ട്ടിയുടെ ജഗ്മീത് സിംഗ് 22 ശതമാനം വോട്ടുമായി മൂന്നാമതുണ്ട് എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.