image

2 Aug 2025 6:18 PM IST

Premium

കിതച്ച് ബജാജും ടാറ്റ മോട്ടോഴ്സും: ചൈനീസ് നീക്കത്തില്‍ തകരുമോ ഇന്ത്യന്‍ വാഹന വ്യവസായം?

Sruthi M M

കിതച്ച് ബജാജും ടാറ്റ മോട്ടോഴ്സും: ചൈനീസ് നീക്കത്തില്‍ തകരുമോ ഇന്ത്യന്‍ വാഹന വ്യവസായം?
X

അപൂര്‍വ ഭൗമ ധാതുക്കളുടെ വിപണനത്തിന് ചൈന കടുത്ത നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖല അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളുണ്ട്. എന്നാല്‍ പുതിയ വാഹനങ്ങള്‍ ഇനി എപ്പോള്‍ വിപണിയില്‍ ഇറങ്ങുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയിലുണ്ടാകുന്ന ഇടിവാണ് വൈദ്യുതി വാഹന ഉത്പാദന രംഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. അമേരിക്കയുടെ താരിഫ് നയത്തിന് പിന്നാലെയാണ് ഓട്ടോ മേഖലയ്ക്ക് നിര്‍ണായകമായ അമുല്യമൂലകങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചത്. വാഹനങ്ങളുടെ കാന്തം നിര്‍മിക്കുന്നതില്‍ പ്രധാനമാണ് ഈ മൂലകങ്ങള്‍. ഇതിനൊപ്പം പ്രതിരോധ ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജോത്പാദനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇവ ആവശ്യമാണ്. മൂലകങ്ങളുടെ ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (ഫെഡ) വ്യക്തമാക്കുന്നു.

കിതച്ച് ബജാജും ടാറ്റ മോട്ടോഴ്സും

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബജാജും ടാറ്റ മോട്ടോഴ്സും ഇലക്ട്രിക് വാഹന നിര്‍മാണം അടുത്ത മാസം പൂര്‍ണമായും നിലയ്ക്കുമെന്ന ഭയത്തിലാണുള്ളത്. ആഗസ്തില്‍ മാഗ്‌നറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്തതോടെ ഒട്ടും ഉത്പാദനം നടക്കില്ലെന്നാണ് രാഹുല്‍ ബജാജ് പറയുന്നത്. ഉത്സവകാലം അടുത്തതോടെ വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാകുന്ന സമയത്താണ് ഈ തിരിച്ചടി. അതേസമയം,മേയില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 4,351 വൈദ്യുതി വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ കമ്പനിയുടെ വില്‍പ്പനയില്‍ 18 ശതമാനം ഇടിവുണ്ടായി. 2014ല്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയുടെ പങ്കാളിത്വം 70 ശതമാനമായിരുന്നുയ ഈ വര്‍ഷം അത് 53 ശതമാനമായി ചുരുങ്ങി.

ബദല്‍ മാര്‍ഗങ്ങള്‍ പര്യാപ്തമല്ല-ഐസിആര്‍എ

അതേസമയം, റെയര്‍എര്‍ത്ത് മൂലകങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ രാജ്യം ഒരുക്കിയിട്ടുണ്ടെങ്കില്‍ അത് അപര്യാപതമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ട് വ്യക്തമാക്കി. ജൂലൈ പകുതി വരെ വാഹന നിര്‍മ്മാണത്തിന് ആവശ്യമായ റെയര്‍എര്‍ത്ത് മൂലകങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബദല്‍ വിതരണ ശൃംഖലകള്‍ തേടുന്നുണ്ടെങ്കില്‍ വെല്ലുവിളി തന്നെയാണെന്നാണ് ഐസിആര്‍എ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ജിതിന്‍ മക്കര്‍ വ്യക്തമാക്കിയത്. ഓട്ടോമോട്ടീവ്, നോണ്‍-ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകള്‍ക്കായി ഏകദേശം 200 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള റെയര്‍ എര്‍ത്താണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഏകദേശം 85% ചൈനയില്‍ നിന്നാണ്. ഏപ്രിലില്‍ കൊണ്ടു വന്ന നിയന്ത്രണത്തിന് ശേഷം കയറ്റുമതി ലൈസന്‍സുകളില്‍ 25 ശതമാനം മാത്രമാണ് അംഗീകരിക്കുന്നത്. യുഎസ്, യുറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ലൈസന്‍സുകള്‍ അംഗീകരിക്കപ്പെട്ടതോടെ ഈ രാജ്യങ്ങളില്‍ വാഹന കമ്പനികള്‍ക്ക് പ്രതിസന്ധി തരണം ചെയ്യാനാകും. എന്നാല്‍ ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സുകള്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ബാങ്കിങ് മേഖലയ്ക്ക് തിരിച്ചടി

അപൂര്‍വ്വ ധാതുക്കള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. വാഹന കമ്പനികളുടെ വായ്പ തിരിച്ചടവില്‍ വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ബാങ്കുകളുടെ കിട്ടാകടം വര്‍ധിക്കാമെന്നുമാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.ബാങ്കുകള്‍ അപൂര്‍വ്വ ധാതുക്കള്‍ ഉപയോഗിക്കുന്ന

വ്യവസായങ്ങള്‍ക്ക് വായ്പയും ക്രെഡിറ്റും നല്‍കിയിട്ടുണ്ട്. ഈ വ്യവസായങ്ങളുടെ ഉല്‍പ്പാദനത്തിലോ കയറ്റുമതിയിലോ ഉണ്ടാകുന്ന തടസ്സം ബാങ്കുകള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്താം. ധാതുക്കള്‍ കിട്ടാതാകുന്നതോടെ കമ്പനികളുടെ ഉല്‍പ്പാദനം കുറയും. ഈ കുറവ് കോര്‍പറേറ്റ് വരുമാനത്തില്‍ കുറവോ നഷ്ടമോ വരുത്താം. ഇത് വായ്പ വീഴ്ചകളിലേക്ക് നയിക്കും. കിട്ടാകടം വര്‍ധിക്കുമെന്നുമാണ് എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നത്. ഓട്ടോ പാര്‍ട്സ്, കേബിള്‍ നിര്‍മ്മാതാക്കള്‍ മേഖലകളിലായിരിക്കം ആഘാതം രൂക്ഷമായിരിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദന കാലയളവില്‍ രണ്ട് മാസം വരെ കുറവുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.