4 July 2025 11:57 AM IST
Summary
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പ്
ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ എത്തി. പ്രധാനമന്ത്രി എന്ന നിലയില്‍ കരീബിയന്‍ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. സന്ദര്‍ശനവേളയില്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ നല്‍കി മോദിയെ ആദരിക്കും.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ പിയാര്‍കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ ആചാരപരമായ വരവേല്‍പ്പോടെയും ഗാര്‍ഡ് ഓഫ് ഓണറോടെയും ഊഷ്മളമായി സ്വീകരിച്ചു.
പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി എത്തിയപ്പോള്‍, ഇന്ത്യന്‍ വസ്ത്രം ധരിച്ച പെര്‍സാദ്-ബിസെസ്സറും 38 മന്ത്രിമാരും നാല് പാര്‍ലമെന്റ് അംഗങ്ങളും അടങ്ങുന്ന മുഴുവന്‍ മന്ത്രിസഭയും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദി പ്രസിഡന്റ് ക്രിസ്റ്റീന്‍ കാര്‍ല കംഗലൂ, പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സര്‍ എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സന്ദര്‍ശനത്തിന് ശേഷം, പ്രധാനമന്ത്രി മോദി ജൂലൈ 4 മുതല്‍ 5 വരെ അര്‍ജന്റീനയിലേക്ക് പോകും.