image

1 July 2025 12:02 PM IST

News

ബഹുരാഷ്ട്ര പര്യടനത്തിന് പ്രധാനമന്ത്രി നാളെ പുറപ്പെടും

MyFin Desk

ബഹുരാഷ്ട്ര പര്യടനത്തിന് പ്രധാനമന്ത്രി നാളെ പുറപ്പെടും
X

Summary

അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനൊപ്പം ബ്രിക്‌സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും


ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളും ആഗോള പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുരാഷ്ട്ര സന്ദര്‍ശനം നാളെ ആരംഭിക്കും. ജൂലൈ 2 മുതല്‍ 9 വരെ ഘാന, ട്രിനിഡാഡ് & ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ജൂലൈ 2 മുതല്‍ 3 വരെ ഘാനയില്‍ പര്യടനം ആരംഭിക്കുന്നു, മൂന്ന് പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ഘാനയില്‍ നിന്ന്, പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരം ജൂലൈ 3 മുതല്‍ 4 വരെ പ്രധാനമന്ത്രി മോദി ട്രിനിഡാഡ് & ടൊബാഗോയിലേക്ക് പോകും. പധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന ആദ്യ സന്ദര്‍ശനവും 1999 ന് ശേഷമുള്ള ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനവുമാണിത്. ട്രിനിഡാഡ് & ടൊബാഗോ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ 4 മുതല്‍ 5 വരെയാണ് അര്‍ജന്റീന പര്യടനം. ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ജൂലൈ 5 മുതല്‍ 8 വരെ അര്‍ജന്റീനയില്‍ നിന്ന് പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകും. റിയോ ഡി ജനീറോയില്‍ നടക്കുന്ന 17-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ അദ്ദേഹം

പങ്കെടുക്കും. കൂടാതെ നിരവധി ഉഭയകക്ഷി യോഗങ്ങളും ഇതോടൊപ്പം നടക്കും. വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ബ്രസീലുമായി സഹകരണം വര്‍ധിപ്പിക്കും.

ജൂലൈ 9 ന് നമീബിയ സന്ദര്‍ശിച്ചതിനുശേഷം പ്രധാനമന്ത്രി മടങ്ങിയെത്തും.