1 Dec 2023 5:27 PM IST
Summary
- ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
- വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
- ജനുവരി 3 വരെ അപേക്ഷിക്കാന്‍ കഴിയും
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പിനൊടുവില്‍ എല്‍ഡിസി തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2024ലെ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. 2024 ജനുവരി മൂന്നിന് അര്‍ധരാത്രിവരെ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. പ്രിലിമിനറി പരീക്ഷയില്ലാതെ ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരിയിലാകും പ്രഖ്യാപിക്കുക.നാല് വര്‍ഷത്തിന് ശേഷമാണ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനമിറങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ തവണ പരീക്ഷക്ക് അപേക്ഷ നല്‍കിയിരുന്നു. എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 26,500 - 60,700 ആണ് ശമ്പള നിരക്ക്.
18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 5 വര്‍ഷവും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവുമാണ് ഇളവ്. ജില്ല അടിസ്ഥാനത്തിലായിരിക്കും നിയമനം.
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.