20 Aug 2025 3:49 PM IST
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈ മാസം അവസാനം ടിയാന്‍ജിനില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ഒരു ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. അലാസ്‌കയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ഇത്.
യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 50% ഉയര്‍ന്ന തീരുവ ഇന്ത്യ നേരിടുമ്പോഴാണ് പുടിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന പ്രഖ്യാപനം വരുന്നത്, അതില്‍ പകുതിയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനുള്ള ശിക്ഷയാണ്.
ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തി എന്നാണ് യുഎസ് ഇപ്പോള്‍ പറയുന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ റോമന്‍ ബാബുഷ്‌കിനും സ്വാഗതം ചെയ്തു. റഷ്യ-ഇന്ത്യ-ചൈന ഒരു പ്രധാന സംവിധാനമാണെന്നും അത് എത്രയും വേഗം പുനരാരംഭിക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ റഷ്യന്‍ ആയുധങ്ങളുടെ ''വളരെ വിജയകരമായ'' യുദ്ധ പരീക്ഷണമായിരുന്നുവെന്നും ബാബുഷ്‌കിന്‍ പറഞ്ഞു. 'റഷ്യന്‍ ആയുധങ്ങളുടെ വളരെ വിജയകരമായ ഒരു യുദ്ധ പരീക്ഷണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍, അതില്‍ ഒന്നായിരുന്നു എസ്-400. ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം സൃഷ്ടിക്കുമ്പോള്‍, റഷ്യന്‍ ഉപകരണങ്ങള്‍ അതിന്റെ ഭാഗമാകും,' അദ്ദേഹം പറഞ്ഞു.