18 Feb 2025 5:33 PM IST
Summary
- നിക്ഷേപ സംരക്ഷണ കരാര്‍ ഉടന്‍ നടപ്പാക്കും
- ഇരു രാജ്യങ്ങളിലെയും ബിസിനസുകളുടെ അതിരുകള്‍ നീക്കേണ്ടതുണ്ടെന്ന് ഖത്തര്‍
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഖത്തര്‍; നിക്ഷേപ സംരക്ഷണ കരാര്‍ ഉടനടി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി.
ഇന്ത്യയുമായുള്ള നിക്ഷേപ പ്രോത്സാഹനത്തിനും സംരക്ഷണ കരാറിനുമുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അറിയിച്ചു.
ഖത്തറിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ അല്‍ താനി പറഞ്ഞു. നിക്ഷേപവും വ്യാവസായിക സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും ബിസിനസുകളുടെ അതിരുകള്‍ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ഖത്തര്‍ ബിസിനസ് ഫോറം മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അല്‍താനി.
ഖത്തര്‍ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിക്ഷേപകരെയും സംരംഭകരെയും ക്ഷണിക്കുന്നതായി അല്‍താനി പറഞ്ഞു.
ഖത്തറില്‍ നിന്നുള്ള എഫ്ഡിഐ 2024 സെപ്റ്റംബര്‍ വരെ 1.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.എന്നാല്‍ ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 18.77 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 14 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതിയില്‍ എല്‍എന്‍ജി, എല്‍പിജി, കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ്, പ്ലാസ്റ്റിക്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യയുടെ പ്രധാന കയറ്റുമതി ധാന്യങ്ങള്‍, ചെമ്പ്, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, തുണിത്തരങ്ങള്‍ എന്നിവയാണ്.
എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തര്‍. കൂടാതെ, ഖത്തറില്‍ നിന്ന് എഥിലീന്‍, പ്രൊപിലീന്‍, അമോണിയ, യൂറിയ, പോളിയെത്തിലീന്‍ എന്നിവയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.