24 Aug 2023 3:36 PM IST
Summary
- ചൈനീസ് ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള നടപടിയെന്ന് ബെയ്ജിംഗ്
- പതിനേഴ് ദിവസങ്ങളിലായി 7,800 ക്യുബിക് മീറ്റര്‍ ജലം ഒഴുക്കിക്കളയും
- അപാകതകള്‍ കണ്ടെത്തിയാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും
ചൈനയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മോശമാകുന്നു. ജപ്പാന്‍ ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് മലിന ജലം കടലിലേക്ക് ഒഴുക്കിയതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കാലങ്ങളായി ഫുകുഷിമ വിഷയത്തില്‍ ജപ്പാനെതിരായ നിലപാടാണ് ചൈനയുടേത്. ടോക്കിയോയുടെ നടപടിയില്‍ പ്രതിഷധിച്ച് ജപ്പാനില്‍നിന്നുള്ള എല്ലാ സമുദ്രോല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ചൈന നിരോധിച്ചു.
നിരവധി ഉപഭോക്താക്കളില്‍ നിന്നും ചില പ്രാദേശിക രാജ്യങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിട്ട പദ്ധതിയാണ് ഇപ്പോള്‍ ജപ്പാന്‍ നടപ്പാക്കുന്നത്. ഈ വിമര്‍ശനങ്ങളുടെ എല്ലാം പിന്നില്‍ ചൈനയാണ് പ്രവര്‍ത്തിക്കുന്നതും.
ജപ്പാന്‍ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പസഫിക്കിലേക്ക് ഒഴുക്കാന്‍ ആരംഭിച്ചത്. ടോക്കിയോയുടെ നടപടിക്കെതിരേ ചൈനീസ് അധികൃതര്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. 'സ്വാര്‍ത്ഥവും നിരുത്തരവാദപരവുമായ പ്രവൃത്തി' എന്നാണ് ജപ്പാന്‍റെ നടപടിയെ ചൈന വിശേഷിപ്പിച്ചത്.
ജപ്പാനില്‍നിന്നെത്തുന്ന എല്ലാ സമുദ്രോല്‍പ്പന്നങ്ങളുടെയും ഇറക്കുമതി അവസാനിപ്പിക്കുകയാണെന്ന് ചൈന പ്രഖ്യാപിച്ചു. അതായത് കടല്‍ ഉപ്പ്, കടല്‍പ്പായല്‍ തുടങ്ങിയവയ്ക്കുപുറമേ മറ്റ് സമുദ്ര ഉല്‍പ്പന്നങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ആണവ മലിന ജലം പുറന്തള്ളുന്നത് മൂലം ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മലിനീകരണം ഉണ്ടാകുന്നത് തടയുന്നതിനും ചൈനീസ് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ബെയ്ജിംഗ് പറയുന്നത്.
എന്നാല്‍ ശുദ്ധീകരിച്ച ജലം പുറന്തള്ളുന്നത് സുരക്ഷിതമാണെന്നും തകരാറിലായ ആണവ നിലയത്തില്‍ സ്ഥലം ശൂന്യമാക്കാന്‍ അടിയന്തരമായി ഈ നടപടി ആവശ്യമാണെന്നുമാണ് ജപ്പാന്റെ വാദം. തുടക്കത്തില്‍ 200 - 210 ക്യുബിക് മീറ്റര്‍ ശുദ്ധീകരിച്ച മലിനജലം മാത്രമേ പുറന്തള്ളുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്‌കോ) അറിയിച്ചു. വെള്ളിയാഴ്ച മുതല്‍, 24 മണിക്കൂര്‍ കാലയളവില്‍ 456 ക്യുബിക് മീറ്റര്‍ ശുദ്ധീകരിച്ച മലിനജലവും 17 ദിവസ കാലയളവില്‍ മൊത്തം 7,800 ക്യുബിക് മീറ്ററും തുടര്‍ച്ചയായി ഒഴുക്കിക്കളയാനാണ് പദ്ധതി.
ഡിസ്ചാര്‍ജ് ഉപകരണങ്ങളിലോ ശുദ്ധീകരിച്ച മലിനജലത്തിന്റെ നേര്‍പ്പിക്കുന്ന അളവിലോ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ പ്രവര്‍ത്തനം ഉടനടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അന്വേഷണം നടത്തുമെന്നും ടെപ്‌കോ അറിയിച്ചു.
പുറന്തള്ളുന്ന ശുദ്ധീകരിച്ച മലിനജലം നിരീക്ഷിക്കാനും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാമ്പിളുകള്‍ ശേഖരിക്കാന്‍ തുറമുഖത്തേക്ക് ബോട്ട് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
മലിനജലം ശുദ്ധീകരിച്ച് പുറംതള്ളാനുള്ള പദ്ധതി വര്‍ഷങ്ങളായി തയ്യാറായി വരികയായിരുന്നു. 2019ലാണ് ജപ്പാന്‍ ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്. ജലം സംഭരിക്കുന്നതിനുള്ള സ്ഥലം ഇനിയില്ലെന്നും സംസ്‌കരിച്ചതും വളരെ നേര്‍പ്പിച്ചതുമായ രൂപത്തില്‍ അത് പുറത്തുവിടുക എന്നതുമാത്രമാണ് ഇനിയുള്ള വഴിയെന്നും അവര്‍ വ്യക്തമാക്കി. ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ജപ്പാനെ പിന്തുണച്ചു. എന്നാല്‍ മറ്റുചിലർ ഇതിനെ ശക്തമായി എതിര്‍ത്തു. അവര്‍ വിനാശകരമായ മലിനീകരണത്തെ ഭയക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക ജപ്പാനെ പിന്തുണച്ചിരുന്നു. എന്നാല്‍ ചൈനയും പസഫിക് ദ്വീപുകളും പ്രതിഷേധവുമായി രംഗത്തുവന്നു. ജപ്പാന്റെ നടപടി ലോകത്തില്‍ അപകട സാധ്യതകള്‍ സൃഷ്ടിക്കുമെന്നും മനുഷ്യരാശിയുടെ ഭാവി തലമുറകളിലേക്കുപോലും അവ കടന്നുചെല്ലുമെന്നുമാണ് ബെയ്ജിംഗിന്റെ വാദം.
2011ല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പവും സുനാമിയുമാണ് ഫുകുഷിമ ആണവ നിലയത്തെ തകര്‍ത്തത്. ആണവ നിലയത്തിനുള്ളിലെ ജലം ഉയര്‍ന്ന റേഡിയോ ആക്ടീവ് വസ്തുക്കളാല്‍ മലിനമാക്കപ്പെട്ടു. അതിനുശേഷം, റിയാക്ടറുകളിലെ ഇന്ധന അവശിഷ്ടങ്ങള്‍ തണുപ്പിക്കാന്‍ വെള്ളം പമ്പ് ചെയ്യുകയായിരുന്നു. അതേസമയം ഭൂഗര്‍ഭജലവും മഴവെള്ളവും ചോര്‍ന്ന് കൂടുതല്‍ റേഡിയോ ആക്ടീവ് മലിനജലം ഉണ്ടാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ജലം ഒഴുക്കിക്കളയാന്‍ ടോക്കിയോ തീരുമാനിച്ചത്.