8 Feb 2024 4:49 PM IST
Summary
- 70 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത രാജ കൂവകള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്
- അദ്ധ്വാനവും സാമ്പത്തിക ചെലവും കൂവ കൃഷിക്ക് വളരെ കുറവാണ്
- കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരംഭിച്ച കൂവ കൃഷിയാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്
കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന 'കൃഷിക്കൊപ്പം കളമശ്ശേരി' സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത രാജ കൂവകള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളായി മാഞ്ഞാലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൂവ കൃഷിയാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്.
തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത കൂവ കേടുകൂടാതെ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി എ.ഐ.എഫ് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്ര ഫിനാന്‍സിങ് ഫണ്ട്) പദ്ധതിയിലുള്‍പ്പെടുത്തി കൂവ സംസ്‌കരണശാലയും മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ രാജ കൂവ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചാണ് വിളവ് സംഭരിക്കുന്നത്.
ഏകദേശം 1.75 കോടി രൂപ ചെലവിട്ടാണ് മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്‍ഡ് പ്രൊഡക്ട്‌സ് എന്ന പേരില്‍ മാഞ്ഞാലി തെക്കെ താഴത്ത് സംസ്‌കരണശാല സ്ഥാപിച്ചിട്ടുള്ളത്. നബാര്‍ഡ് മുഖേന കേരള ബാങ്കില്‍ നിന്നും നാമമാത്ര പലിശക്ക് 7 വര്‍ഷ കാലാവധിക്ക് വായ്പ ലഭ്യമായിട്ടുണ്ട്. കൃഷി വകുപ്പിന്റെ ഹോര്‍ട്ടി കള്‍ച്ചര്‍, ആത്മ എന്നീ വിഭാഗങ്ങളില്‍ നിന്ന് സബ്‌സിഡിയും ഇതിനകം ലഭിച്ചിട്ടുണ്ട്.
കൃഷിക്കാരുടെ മുഴുവന്‍ വിളവും ന്യായമായ വില നല്‍കി ബാങ്ക് സംഭരിക്കും എന്നതാണ് പ്രത്യേകത. മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ധ്വാനവും സാമ്പത്തിക ചെലവും കൂവ കൃഷിക്ക് വളരെ കുറവാണ്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക രീതിയില്‍ കൃഷി ചെയ്യാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
കൂവ കൃഷിക്കും കൂവസംസ്‌കരണത്തിനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.സി.എ.ആറിന്റെ കീഴിലുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക ഉപദേശവും ലഭിക്കുന്നുണ്ട്.