image

6 April 2024 4:56 PM IST

News

രാമേശ്വരം കഫേ: പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന

MyFin Desk

രാമേശ്വരം കഫേ: പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന
X

Summary

  • കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടന്നത്
  • പ്രതികള്‍ക്ക് മുന്‍പുതന്നെ തീവ്രവാദ കേസുകളുമായി ബന്ധം


മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ നടത്തിയ സ്ഥോടനത്തിലെ മുഖ്യമപ്രതി മുസ്സാവിര്‍ ഹുസൈന്‍ ഷാസിബാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരിച്ചറിഞ്ഞു. കേസിലെ സഹ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹയാണെന്നും ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി.

രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനമാണ് നടത്തിയത്. പ്രതികളായ മുസാവിര്‍ ഹുസൈന്‍ ഷാസിബും സഹ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹായും ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളി സ്വദേശികളാണ്. ബ്രൂക്ക്ഫീല്‍ഡിലെ ഐടിപിഎല്‍ റോഡിലുള്ള കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

കൂടാതെ, മുഖ്യപ്രതികള്‍ക്ക് ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കിയ ചിക്കമംഗളൂരു ഖല്‍സ സ്വദേശി മുസമ്മില്‍ ഷെരീഫിനെ മാര്‍ച്ച് 26 ന് ഏജന്‍സി അറസ്റ്റുചെയ്തിരുന്നു. മാര്‍ച്ച് 29 ന് ഒളിവില്‍ പോയ ഓരോരുത്തരെയും പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസില്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കുന്നതിനായി പ്രതികളുമായി പരിചയമുള്ളവരെ എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്.

കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രതികള്‍ക്ക് ശിവമോഗ ഐഎസ് മൊഡ്യൂളുമായി ബന്ധമുണ്ട്. ഇവര്‍ക്കെതിരെ 2020 മുതല്‍ നാല് വ്യത്യസ്ത തീവ്രവാദ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2020 ജനുവരിയില്‍ ഷാസിബിന്റെയും താഹയുടെയും പേരുകള്‍ ആദ്യമായി പുറത്തുവന്നത് 30 അംഗങ്ങളുടെ അറസ്റ്റിന് ശേഷമാണ്.