2 Jun 2025 12:55 PM IST
Summary
- ഏറ്റവുമധികം കേസുകള്‍ കേരളത്തില്‍
- രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3961 ആയി ഉയര്‍ന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ സംഖ്യ അതിവേഗം വര്‍ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ രോഗബാധകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 3961 ആയി ഉയര്‍ന്നതായി ആരോഗ്യ ക്ഷേമ മന്ത്രാലയം രാവിലെ അറിയിച്ചു. ഒരു ദിവസത്തിനിടെ നാല് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
നിലവില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (506), ഡല്‍ഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാള്‍ (331) എന്നീ സംസ്ഥാനങ്ങളാണ്. കര്‍ണാടക (253), തമിഴ്നാട് (189), ഉത്തര്‍പ്രദേശ് (157), രാജസ്ഥാന്‍ (69) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളിലും രോഗബാധ വര്‍ധിക്കുന്നു.
മെയ് 22 ന് 257 സജീവ കേസുകള്‍ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ജൂണ്‍ 2 ആയപ്പോള്‍ അത് 3,961 ആയി.
രോഗം അതിവേഗം ബാധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ കിടക്കകളും മറ്റ് സംവിധാനങ്ങളുമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രകാരം, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകള്‍ സൂചിപ്പിക്കുന്നത് നിലവിലെ വര്‍ദ്ധനവിന് കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നാണ്.