image

30 April 2025 5:39 PM IST

News

മെയ് 1 മുതൽ പ്രവാഹ് പോ‍ർട്ടൽ ഉപയോ​ഗിക്കണം; ബാങ്കുകൾക്ക് ആർബിഐയുടെ കർശന നിർദ്ദേശം

MyFin Desk

മെയ് 1 മുതൽ പ്രവാഹ് പോ‍ർട്ടൽ ഉപയോ​ഗിക്കണം; ബാങ്കുകൾക്ക് ആർബിഐയുടെ കർശന നിർദ്ദേശം
X

രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസ‍ർവ് ബാങ്ക് നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളും പ്രവാഹ് പോ‍ർട്ടൽ ഉപയോഗിക്കണമെന്ന നിർദേശവുമായി ആർബിഐ. മെയ് 1 മുതൽ റെഗുലേറ്ററി അപേക്ഷകൾക്കും അംഗീകാരങ്ങൾക്കുമായി പ്രവാഹ് പോ‍ർട്ടൽ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

2024 മെയ് 28 നാണ് ആർബിഐ പ്രവാഹ് പോർട്ടൽ ആരംഭിച്ചത്. ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാഹ് പോർട്ടൽ വികസിപ്പിച്ചത്. സുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രവാഹ് പോർട്ടൽ. വിവിധ റെഗുലേറ്ററി, മോണിറ്ററിംഗ്വകുപ്പുകളുമായി ബന്ധപ്പെട്ട 60 തരത്തിലുള്ള അപേക്ഷാ ഫോമുകൾ ഓൺലൈനായി ഇതിലൂടെ സമർപ്പിക്കാം. അപേക്ഷയിൽ കൈക്കൊണ്ട നടപടികൾ തൽസമയം പരിശോധിക്കുകയും ചെയ്യാം.

ആർബിഐയുടെ കണക്കുകൾ അനുസരിച്ച് പ്രവാഹ് പോ‍ർട്ടൽ ആരംഭിച്ചതിനുശേഷം ഏകദേശം 4,000 അപേക്ഷകളാണ് അതുവഴി ലഭിച്ചിട്ടുള്ളത്. എന്നാൽ പോർട്ടൽ അവതരിപ്പിച്ചിട്ടും ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പോർട്ടലിലൂടെയല്ലാതെ പഴയ രീതികൾ ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മെയ് ഒന്ന് മുതൽ ആർബിഐ പ്രവാഹ് പോർട്ടൽ നിർബന്ധമാക്കിയിരിക്കുന്നത്.

ചെറുകിട ധനകാര്യ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ, സെൻട്രൽ സഹകരണ ബാങ്കുകൾ, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ എന്നിവയ്ക്ക് ഈ നിയമം ബാധകമാണ്.