image

24 Aug 2023 4:09 PM IST

News

വാഗ്നര്‍ തലവന്റെ മരണം റഷ്യ സ്ഥിരീകരിച്ചു

MyFin Desk

russia confirmed the death of the wagner chief | wagner group | wagner group head
X

Summary

  • വിമാനം തകര്‍ന്നതില്‍ ദുരൂഹത
  • അത്ഭുതമില്ലെന്ന് ജോ ബൈഡന്‍


തകര്‍ന്ന വിമാനത്തില്‍ വാഗ്നര്‍ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ ഉണ്ടായിരുന്നതായി റഷ്യ സ്ഥിരീകരിച്ചു. എംബ്രയര്‍ ലെഗസി ജെറ്റിലെ പത്ത് മൃതദേഹങ്ങളും കണ്ടെടുത്തതായും റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. വാഗ്‌നര്‍ തലവനെക്കൂടാതെ ഗ്രൂപ്പിന്റെ രണ്ടാമത്തെ കമാന്‍ഡര്‍ ദിമിത്രി ഉദ്കിനും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

അപകടസ്ഥലവും ചുറ്റുമുള്ള സ്ഥലവും പോലീസ് അടച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റഷ്യന്‍ ഏവിയേഷന്‍ അതോറിറ്റി പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അപകടകാരണം എന്താണെന്ന് മനസിലാക്കാന്‍ അന്വേഷണം നടക്കുകയാണ്.

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോവുകയായിരുന്ന വിമാനം തലസ്ഥാനത്ത് നിന്ന് ഏകദേശം 300 കിലോമീറ്റര്‍ വടക്കുഭാഗത്തായാണ് തകര്‍ന്നുവീണതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് പറഞ്ഞു. വിമാനം തകരുന്നതിനു തൊട്ടു മുമ്പുവരെ പ്രശ്‌നങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ലെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.

ഏകദേശം 3.19ന് (ജിഎംടി) എംബ്രയര്‍ ലെഗസി 600 ജെറ്റ് താഴേക്ക് ലംബമായി പതിക്കുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24-ല്‍ ജോലി ചെയ്യുന്ന ഇയാന്‍ പെറ്റ്‌ചെനിക് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. എന്ത്‌സംഭവിച്ചാലും അത് വളരെ പെട്ടന്നായിരുന്നുവെന്നും പെറ്റ്‌ചെനിക് കൂട്ടിച്ചേര്‍ത്തു. വീഴുന്നതിന് മുമ്പ് വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഒരു സൂചനയും ഇല്ലായിരുന്നു.

വാഗ്‌നര്‍ പ്രൈവറ്റ് മിലിട്ടറി കമ്പനിയുടെ സ്ഥാപകന്റെ മരണം നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിമരുന്നിട്ടു. പ്രിഗോഷിന്‍ നിരവധി കലാപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള നേതാവാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെയും പ്രിഗോഷിന്‍ കലാപാഹ്വാനം നടത്തിയിരുന്നു. പ്രിഗോഷിന്‍ നടത്തിയ ആഹ്വാനത്തെ രാജ്യദ്രോഹമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. കൂടാതെ വാഗ്നര്‍ തലവന്‍ പിന്നില്‍നിന്ന് കുത്തിയതായും പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രിഗോഷിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്നീട് ഒഴിവാക്കപ്പെട്ടു. യുക്രെയ്നില്‍ റഷ്യയ്ക്ക് വേണ്ടി പോരാടിയ പ്രിഗോഷിന്‍ തുടര്‍ന്ന് ബലാറസിലേക്ക് പിന്‍വാങ്ങുകയായിരുന്നു.

വാഗ്നര്‍ തലവന്റെ മരണത്തില്‍ തനിക്ക് യാതൊരു അത്ഭുതവും ഇല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഇതിനോട് പ്രതികരിച്ചത്. റഷ്യയില്‍ പുടിനറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.