15 Nov 2023 4:55 PM IST
Summary
നിക്ഷേപകരില്‍നിന്നും പിരിച്ചെടുത്ത തുകയുടെ 95 ശതമാനത്തിലധികം ഇതിനകം തന്നെ റീഫണ്ട് നല്‍കിയിട്ടുണ്ട്
സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയ്‌യുടെ മരണത്തോടെ ഇപ്പോള്‍ ശ്രദ്ധ പതിയുന്നത് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ അക്കൗണ്ടിലുള്ള 25,000 കോടി രൂപയിലധികം വരുന്ന വിതരണം ചെയ്യപ്പെടാത്ത ഫണ്ടുകളിലാണ്.
നവംബര്‍ 14നാണു മുംബൈയില്‍ വച്ച് 75-കാരനായ സുബ്രത റോയ് മരണപ്പെട്ടത്.
പോന്‍സി സ്‌കീമുകള്‍ ഉപയോഗിച്ച് സഹാറ ഗ്രൂപ്പ്, നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുബ്രത റോയ്ക്ക് ഒന്നിലധികം നിയമ പോരാട്ടങ്ങളാണു നടത്തേണ്ടി വന്നത്.
സമീപകാല നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുന്ന ഒരു വഞ്ചനയെയാണു പോന്‍സി സ്‌കീം എന്നു പറയുന്നത്.
സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എസ്‌ഐആര്‍ഇഎല്‍), സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എസ്എച്ച്‌ഐസിഎല്‍) തുടങ്ങിയ സഹാറ ഗ്രൂപ്പിലെ രണ്ട് കമ്പനികള്‍ ഓപ്ഷണലി ഫുള്ളി കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകള്‍ (ഒഎഫ്‌സിഡി) വഴി ഏകദേശം 3 കോടി നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നു.
സ്വരൂപിച്ച പണം തിരികെ നല്‍കാന്‍ 2011-ല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഉത്തരവിട്ടിരുന്നു.
സെബി ഇത്തരത്തില്‍ ഉത്തരവിടാന്‍ കാരണം, സഹാറ ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എസ്‌ഐആര്‍ഇഎല്ലും എസ്എച്ച്‌ഐസിഎല്ലും സെബിയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്.
എന്നാല്‍ പിന്നീട് നീണ്ട നിയമപോരാട്ടത്തിനാണ് സെബിയുടെ ഈ ഉത്തരവ് കാരണമായത്. അപ്പീലുകളുടെയും, ക്രോസ് അപ്പീലുകളുടെയും പ്രളയമായിരുന്നു.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷം 2012 ഓഗസ്റ്റ് 31-ന് സുപ്രീം കോടതി നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം 15 ശതമാനം പലിശ സഹിതം തിരികെ നല്‍കാന്‍ സഹാറ ഗ്രൂപ്പിലെ എസ്‌ഐആര്‍ഇഎല്ലിനോടും എസ്എച്ച്‌ഐസിഎല്ലിനോടും ആവശ്യപ്പെട്ടു.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ 24,000 കോടി രൂപ സെബിയില്‍ നിക്ഷേപിക്കാന്‍ സഹാറയോട് ആവശ്യപ്പെട്ടു. ഈ തുക സഹാറ ഗ്രൂപ്പ് സെബിയുടെ അക്കൗണ്ടില്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഇതാണ് ഇപ്പോള്‍ 25000 കോടി രൂപയിലധികമായി ഉയര്‍ന്നിരിക്കുന്നത്.
നിക്ഷേപകരില്‍നിന്നും പിരിച്ചെടുത്ത തുകയുടെ 95 ശതമാനത്തിലധികം ഇതിനകം തന്നെ റീഫണ്ട് നല്‍കിയിട്ടുണ്ട്.
മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നിക്ഷേപകര്‍ക്ക് 11 വര്‍ഷത്തിനിടെ സെബി 138.07 കോടി രൂപ റീഫണ്ടായി നല്‍കിയെന്നാണ്.
രണ്ട് സഹാറ കമ്പനികളുടെ ബോണ്ട് ഹോള്‍ഡര്‍മാരുടെ ക്ലെയിമുകളുടെ അഭാവത്തില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെബി റീ ഫണ്ട് ചെയ്തത് ആകെ 7 ലക്ഷം രൂപ മാത്രമാണ്.
2023 മാര്‍ച്ച് 31 വരെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സഹാറയുടെ തുക ഏകദേശം 25,163 കോടി രൂപയാണെന്നു സെബി പറഞ്ഞു.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷാ ഈ വര്‍ഷം ജൂലൈയില്‍ 'സിആര്‍സിഎസ് സഹാറ റീഫണ്ട് പോര്‍ട്ടല്‍' ലോഞ്ച് ചെയ്തിരുന്നു. ഏകദേശം 1.8 ദശലക്ഷം നിക്ഷേപകരാണു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.