19 Feb 2025 3:49 PM IST
Summary
- കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് ഒരു കോടി മുപ്പത് ലക്ഷം പേര്‍
- റെയില്‍വേ ശൃംഖല വഴിയുള്ള ചരക്ക് ഗതാഗതത്തിലും മുന്നേറ്റം
സൗദി റെയില്‍വേ കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 2023 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു കോടി മുപ്പത് ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തു .റെയില്‍വേ ശൃംഖല വഴിയുള്ള ചരക്കു ഗതാഗതത്തില്‍ 15 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിച്ചു.
ഗതാഗതത്തിനും ചരക്ക് നീക്കത്തിനുമുള്ള രാജ്യത്തിന്റെ പുതിയ നീക്കം വഴി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിച്ചു. ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമായ പാസഞ്ചര്‍ ട്രെയിന്‍ ട്രിപ്പുകളുടെ എണ്ണത്തില്‍ മുപ്പത്തിഅയ്യായിരം ട്രിപ്പുകളുടെ വര്‍ധനയുണ്ടായി.
വരും വര്‍ഷങ്ങളിലും ട്രെയിന്‍ ഗതാഗതമേഖലയില്‍ നേട്ടം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സൗദി കാഴ്ചവയ്ക്കുന്നത്. 2035 വരെയുള്ള സ്ട്രാറ്റജി അനുസരിച്ചാണ് റെയില്‍വേ കമ്പനി പ്രവര്‍ത്തിക്കുന്നത്. 10 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.