2 Aug 2025 4:31 PM IST
ആറാം തിയ്യതിയെ ധനനയയോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് എസ്ബിഐ. ഉല്‍സവ സീസണും പണപ്പെരുപ്പത്തിലെ ഇടിവും കണക്കിലെടുക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന ബുധനാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം. ഇത്തവണ 25 ബേസിസ് പോയിന്റിന്റെ കുറവാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം. വരാനിരിക്കുന്ന ഉല്‍സവ സീസണും മാസങ്ങളായി പണപ്പെരുപ്പം കുറഞ്ഞ് നില്‍ക്കുന്നതുമാണ് നിരക്ക് കുറയ്ക്കലിന് കാരണമായി പറയുന്നത്. റിപ്പോ കുറച്ചാല്‍ ഉല്‍സവ സീസണില്‍ ആളുകളുടെ ചെലവഴിക്കല്‍ ഉയരും. അതിനാല്‍ വായ്പ വളര്‍ച്ച ഉണ്ടാവും. അമേരിക്കയുടെ താരിഫ് ഭീഷണി അടക്കമുള്ളവയും റിസര്‍വ് ബാങ്ക് പരിഗണിക്കാം. ഒപ്പം ജിഡിപി വളര്‍ച്ചാ പ്രവണതകള്‍, സിപിഐ പണപ്പെരുപ്പ പ്രതീക്ഷകള്‍ എന്നിവയും കണിക്കിലെടുക്കാം. അതായത് വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യമാണിത്. അതിനാല്‍ നിരക്ക് കുറയ്ക്കല്‍ നേരത്തെയാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് 5.50 ശതമാനമാണ്. താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ആര്‍ബിഐ പരിഷ്‌കരിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുകയാണ്. വരുംമാസങ്ങളില്‍ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അതിവേഗ വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥ കാഴ്ചവച്ചത്. ഇത് ശക്തമായ സാമ്പത്തിക പ്രകടനത്തിന്റെ സൂചനയാണ്. കൂടാതെ കുറഞ്ഞ പണപ്പെരുപ്പവും നിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. അതിനാല്‍ ഇത്തവണ പ്രതീക്ഷിക്കുന്നത് നിരക്ക് കുറയക്കലാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ മാസം അവസാനത്തോടെ രാജ്യത്തിന്റെ വളര്‍ച്ചാ കണക്കുകള്‍ ലഭിക്കും. ഇത് വളര്‍ച്ചയെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കും.അതേസമയം, റിപ്പോ കുറഞ്ഞാല്‍ ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും കുറയും. ഇത് വായ്പ എടുത്തവര്‍ക്ക് വന്‍ ആശ്വാസമാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കുറയുമെന്നതിനാല്‍ വായ്പാ ഇടപാടുകാര്‍ക്ക് ഓരോ മാസവും കൂടുതല്‍ തുക വരുമാനത്തില്‍ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും.