image

7 Oct 2023 5:28 PM IST

News

പാക് സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് കള്ളക്കടത്ത്

MyFin Desk

പാക് സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് കള്ളക്കടത്ത്
X

Summary

  • കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കു കാരണം കള്ളക്കടത്തും കരിഞ്ചന്തയും
  • നിഴല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നു
  • പാക് സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്


കരിഞ്ചന്ത, കറന്‍സി വ്യാപാരം, സ്വര്‍ണ്ണ കള്ളക്കടത്ത്, എണ്ണക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം പാക്കിസ്ഥാന്റെ സമ്പത് വ്യവസ്ഥക്ക് പ്രതിവര്‍ഷം 2300 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായുള്ള എസിഇ മണി ട്രാന്‍സ്ഫര്‍ അതിന്റെ സമീപകാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

കള്ളക്കടത്തും കരിഞ്ചന്തയും വിനിമയ നിരക്കുകളെ വളച്ചൊടിക്കുന്നു. ഇത് കറന്‍സിയുടെ മൂല്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വിലകൂടുന്നതിനാല്‍ ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കും. സാമ്പത്തിക വ്യവസ്ഥയിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇത് സര്‍ക്കാരിനെ വരുമാന നഷ്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഒരു സമാന്തര സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്തകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ബുദ്ധിമുട്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രധാന മേഖലകളിലെ കള്ളക്കടത്ത് ഇല്ലാതാക്കാനുള്ള ഉറച്ച പ്രതിബദ്ധത പാക്കിസ്ഥാന്റെ സാമ്പത്തിക വീണ്ടെടുക്കലിന് അനിവാര്യമാണെന്ന് വിദഗ്ധര്‍ അടിവരയിടുന്നു.

'ഞങ്ങള്‍ ഇറാനുമായും അഫ്ഗാനിസ്ഥാനുമായും ഒരു നീണ്ട അതിര്‍ത്തി പങ്കിടുന്നു, തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളുമായി ഒരു കടല്‍ അതിര്‍ത്തിയുണ്ട്. വിദേശ കറന്‍സികള്‍ പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ ഭൗതിക ഡോളറുകളുടെയും എണ്ണയുടെയും കള്ളക്കടത്ത് ഫലപ്രദമായി നിയന്ത്രിക്കണം,' എസിഇ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റാഷിദ് അഷ്‌റഫ് പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഡോളര്‍ കള്ളക്കടത്ത് മാത്രം പാക്കിസ്ഥാന് പ്രതിമാസം 150 ദശലക്ഷം ഡോളര്‍ നഷ്ടപ്പെടുന്നു, ഇത് പ്രതിവര്‍ഷം 200 കോടി ഡോളര്‍ എന്ന നിലയിലേക്കാണ് എത്തുന്നത്.

പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ഡീസലും രണ്ട് ദശലക്ഷം ലിറ്റര്‍ പെട്രോളുമാണ് ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടത്തുന്നത്. ഈ കള്ളക്കടത്ത് ഡീസല്‍ ഒടുവില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 100കോടി ഡോളറിലധികം നഷ്ടമുണ്ടാക്കി.

ഔദ്യോഗികമായി, 2013 മുതല്‍ ഇറാനിയന്‍ ഇന്ധന ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം കര അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്തിനെതിരെ കണ്ണടയ്ക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് മറ്റൊരു വെല്ലുവിളി ഉയര്‍ത്തുന്നു.

മൊത്തം വാര്‍ഷിക ഉപഭോഗമായ 160 ടണ്ണി സ്വർണത്തിൽ ഏകദേശം 80 ടണ്‍ സ്വര്‍ണം കള്ളക്കടത്തതായി എത്തുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.