1 Feb 2024 5:33 PM IST
Summary
- ഫെബ്രുവരിയില്‍ രാജ്യത്തുടനീളം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്
- ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ മഴയും പെയ്യുന്നുണ്ട്
- ഡല്‍ഹിയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെടുന്നത് വിമാന സര്‍വീസിനെ ബാധിക്കുന്നുണ്ട്
ഉത്തരേന്ത്യയില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജനജീവിതം തടസപ്പെട്ടു. ജനുവരി 31 ന് ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലുമുണ്ടായ മഞ്ഞുവീഴ്ച സാധാരണ ജനജീവിതത്തെ ദുസ്സഹമാക്കി.
ഹിമാചല്‍ പ്രദേശിലെ ആദിവാസി മേഖലകളിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും ഈ വര്‍ഷത്തിലെ ആദ്യത്തെ കനത്ത മഞ്ഞുവീഴ്ചയാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ഇതിനിടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ മഴയും പെയ്തു. ഇതാകട്ടെ ഈ മേഖലയിലെ ശൈത്യകാല തണുപ്പ് രൂക്ഷമാക്കുകയും ചെയ്തു.
ഡല്‍ഹി നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്തതിനാല്‍ ജനുവരി 31 ന് തണുപ്പ് അനുഭവപ്പെട്ടു. പരമാവധി താപനില 18.6 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴുകയും ചെയ്തു.
ഫെബ്രുവരിയില്‍ രാജ്യത്തുടനീളം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെടുന്നത് വിമാന സര്‍വീസിനെ ബാധിക്കുന്നുണ്ട്. 50-ലധികം വിമാന സര്‍വീസ് വൈകി. ഇതേ തുടര്‍ന്നു ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഫ്‌ളൈറ്റ് സര്‍വീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്ക് എയര്‍ലൈന്‍സുമായി കോണ്‍ടാക്റ്റ് ചെയ്യണമെന്ന് അറിയിച്ചു.