20 March 2024 5:01 PM IST
Summary
- ചൈനീസ് കപ്പലുകളുടെ ലങ്കാസന്ദര്‍ശനം ഇന്ത്യക്ക് ഭീഷണി
- ശ്രീലങ്കയുടെ വടക്കുള്ള തുറമുഖസന്ദര്‍ശനം ചൈന ലക്ഷ്യമിടുന്നു
- വിദേശ ഗവേഷണ കപ്പലുകള്‍ക്കായി പുതിയ നയം ആവിഷ്‌കരിക്കും
ഏറെ വിവാദമായ ഗവേഷണകപ്പലുകള്‍ക്കുള്ള പ്രവേശനം ശ്രീലങ്ക പുനരാരംഭിക്കുന്നു. ഇന്ത്യയും യുഎസും ഉന്നയിച്ച ശക്തമായ സുരക്ഷാ ആശങ്കകളെത്തുടര്‍ന്നാണ് ഈ ഗണത്തില്‍പ്പെട്ട കപ്പലുകള്‍ക്ക് കൊളംബോ അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം ഒരു ജര്‍മ്മന്‍ സര്‍വേ കപ്പലിന് കൊളംബോ അനുമതി നല്‍കിയത് ചൈനയെ പ്രകോപിപ്പിച്ചു. അവര്‍ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.
ഇതുകാരണമാകാം കൊളംബോ നിലപാട് മാറ്റുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഗവേഷണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വിലക്കുണ്ടെന്നുതന്നെയാണ് ഔദ്യോഗിക ഭാഷ്യം.
14 മാസത്തിനുള്ളില്‍ രണ്ട് ചൈനീസ് ഹൈടെക് ഗവേഷണ കപ്പലുകള്‍ ശ്രീലങ്ക സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ പ്രതിഷേധവുമായി ഇറങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സര്‍ക്കാര്‍ ഓഫ്ഷോര്‍ ഗവേഷണ കപ്പലുകള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 14 മാസത്തിനുള്ളില്‍ രണ്ട് ചൈനീസ് ഹൈടെക് ഗവേഷണ കപ്പലുകളുടെ സന്ദര്‍ശനമാണ് ശ്രീലങ്കയില്‍ ഉണ്ടായത്.അതിനുശേഷം വിദേശ ഗവേഷണ കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് ഇതാദ്യമാണ്.
ഗവേഷണം സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ഇന്ധനം നിറയ്ക്കുന്നതിനും മറ്റും തുറമുഖം സന്ദര്‍ശിക്കാം-ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് നിലുക കദുരുഗമുവ പറഞ്ഞു.
ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നിന്നുള്ള ഗവേഷണ കപ്പലിനായുള്ള അഭ്യര്‍ത്ഥന ശ്രീലങ്കന്‍ അധികൃതര്‍ നിരസിച്ചിരുന്നു. എന്നാല്‍ ഈ മാസം ആദ്യം ഒരു ജര്‍മ്മന്‍ ഗവേഷണ കപ്പല്‍ തുറമുഖത്ത് ഡോക്ക് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ കൊളംബോയിലെ ചൈനീസ് എംബസി ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
വിദേശ ഗവേഷണ കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍) അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക.
ലങ്കയുടെ ഈ നിലപാടുമാറ്റത്തില്‍ വരും ദിവസങ്ങളില്‍ ഇന്ത്യ പുതിയ തീരുമാനം അറിയിക്കും എന്നാണ് കരുതുന്നത്.