23 Dec 2024 3:07 PM IST
Sriram Krishnan: Trump's AI Advisor
Summary
- ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ ശ്രീറാം കൃഷ്ണനെയാണ് ട്രംപ് തെരഞ്ഞെടുത്തത്
- ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്നാകും ശ്രീറാം പ്രവര്‍ത്തിക്കുക
- വന്‍ ടെക് കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് ശ്രീറാമിന്റെ ഭരണതലത്തിലേക്കുള്ള വരവ്
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍. ശ്രീറാം കൃഷ്ണനെയാണ് സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായി നിയമിച്ചത്.
സാങ്കേതികവിദ്യയില്‍ മികവ് തെളിയിച്ച ശ്രീറാം കൃഷ്ണന്‍, ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
എഐയില്‍ അമേരിക്കയുടെ മുന്‍തൂക്കം ഉറപ്പാക്കുന്നതില്‍ ശ്രീറാം കൃഷ്ണന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗവണ്‍മെന്റിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുകയും ചെയ്യും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക.
മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹൂ, ഫെയ്‌സ്ബുക്ക്, സ്‌നാപ്പ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഉന്നത സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ജോലിയില്‍ കൃഷ്ണന്‍ പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ചെന്നൈയില്‍ ജനിച്ച കൃഷ്ണന്‍ ഇന്ത്യയില്‍ ബിരുദപഠനത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്.