30 Jun 2024 1:51 PM IST
T20 ചാമ്പ്യന്‍മാർക്ക് ലഭിക്കുക റെക്കോര്‍ഡ് സമ്മാനത്തുക, ഇന്ത്യൻ ടീമിന് എത്ര കിട്ടും ?
MyFin Desk
17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ ജയം.
ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ ആകാംഷയുണര്‍ത്തുന്ന മറ്റൊരു കാര്യമാണ് അതിന്റെ സമ്മാനത്തുക. ഫൈനലിൽ വിജയിച്ച ഇന്ത്യക്കും, റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്കും സെമി ഫൈനലിസ്റ്റുകളായ അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടിനും എത്ര രൂപയാണ് സമ്മാന തുകയായി ലഭിക്കുക എന്ന് നോക്കാം.
ടി20 ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലമാണ്. മൊത്തം സമ്മാനത്തുകയില്‍ ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇത്തവണ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചത്. വിജയിക്കുന്ന ടീമിനും ഇതിന് ആനുപാതികമായി സമ്മാനത്തുക ലഭിക്കും. 11.25 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (93.47 കോടി രൂപ) ആണ് മൊത്തം സമ്മാനത്തുക.
ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യണ്‍ ഡോളറാണ്. രൂപയിലേക്കുള്ള വിനിമയ നിരക്ക് നോക്കിയാൽ 20.42 കോടി രൂപ. റണ്ണര്‍ അപ്പായ ദക്ഷിണാഫ്രിക്കന്‍ ടീമിന് 1.28 മില്യണ്‍ ഡോളര്‍ അഥവാ 10.67 കോടി രൂപ ലഭിക്കും. സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും സമ്മാന തുകയായി 7,87,500 ഡോളർ വീതമാണ് ലഭിക്കുക. വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യന്‍ രൂപ.
സൂപ്പര്‍ എട്ടില്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടി രൂപയും ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ടുകോടി രൂപയും 13 മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 1.87 കോടി രൂപയും ലഭിക്കും.