20 Aug 2025 10:12 AM IST
Summary
റഷ്യന്‍ എണ്ണ ഇറക്കുമതി തടയാന്‍ മാത്രമാണ് ഇന്ത്യക്ക് അധിക താരിഫ് ചുമത്തിയത്
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയതെന്ന വിചിത്ര വാദവുമായി യുഎസ്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലും ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുകയായിരുന്നു. തുടര്‍ന്നാണ് ട്രംപ് അധിക താരിഫ് ഇന്ത്യക്കെതിരെ ട്രംപ് ചുമത്തിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
തിങ്കളാഴ്ച, ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഏഴ് യൂറോപ്യന്‍ നേതാക്കളുമായും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികളാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത്.
ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്ന വൈറ്റ് ഹൗസിന്റെ വാദവും ലീവിറ്റ് ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ സമര്‍പ്പണവും അവര്‍ എടുത്തുകാണിച്ചു. യുഎസ് പ്രസിഡന്റ് ഈ ശ്രമത്തിനായി ധാരാളം സമയവും ഊര്‍ജ്ജവും ചെലവഴിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുക എന്ന ട്രംപിന്റെ മുന്‍ അവകാശവാദവും ലീവിറ്റ് ആവര്‍ത്തിച്ചു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമാധാന കരാറുകളില്‍ യുഎസ് പ്രസിഡന്റ് ട്രംപ് അഭിമാനിക്കുന്നുവെന്നും അതിനായി വ്യാപാരം പ്രയോജനപ്പെടുത്തി എന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെയ് മാസത്തില്‍ എല്ലാ സൈനിക നടപടികളും നിര്‍ത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ധാരണയില്‍ എത്തിയിരുന്നു. അതിനുശേഷം രണ്ട് ആണവായുധ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യ നിരന്തരം ഈ ഇടപെടല്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന് പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ട്രംപിന് നന്ദി പറയുകയും ചെയ്തു.