30 Oct 2023 11:38 PM IST
Summary
ടാറ്റ മോട്ടോഴ്‌സ് പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു എതിരെ നൽകിയ കേസിലാണ് വിധി
പശ്ചിമ ബംഗാളിലെ സിംഗൂരിൽ സ്ഥാപിക്കുന്നതിനിടയിൽ നാനോ കാർ പ്ലാന്റ് ഉപേക്ഷിക്കേണ്ടി വന്നതിൽ ടാറ്റ മോട്ടോഴ്‌സിന് 766 കോടി രൂപയും പലിശയും നല്കാൻ ട്രൈബ്യൂണല്‍ വിധി. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ടാറ്റ മോട്ടോഴ്‌സ് പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു എതിരെ നൽകിയ കേസിലാണ് ദീർഘനാളത്തെ നിയമ യുദ്ധത്തിനു ശേഷം ഇപ്പോൾ വിധി വന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ പത്രകുറിപ്പനുസരിച്ചു നഷ്ടപരിഹാരത്തുകയായ765.78 കോടി രൂപക്ക് പുറമെ, 2016 സെപ്റ്റംബര്‍ ഒന്നുമുതലുള്ള 11 ശതമാനം പലിശയും പശ്ചിമ ബാംഗാള്‍ സർക്കാർ നിയന്ത്രണത്തിലുള്ള കോര്‍പറേഷന്‍ ടാറ്റ മോട്ടോഴ്‌സിന് നല്‍കണമെന്നാണ് വിധി.
ട്രൈബ്യൂണല്‍ ഐകകണ്‌ഠേന തീര്‍പ്പാക്കിയതായി ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സിന് കേസിന്റെ നടപടിക്രമങ്ങള്‍ക്കായി ചെലവായ ഒരു കോടി രൂപയും ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനില്‍ നിന്നും ഈടാക്കാമെന്നും വിധി പറയുന്നു
പ്ലാന്റ് നിർമ്മിക്കാൻ ടാറ്റമോട്ടോഴ്‌സു൦ കോർപറേഷനും തമ്മിലായിരുന്നു കരാർ.
സംസ്ഥാനത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥക്കു ഒരു പരിഹാരം എന്ന നിലയിലാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ടാറ്റ മോട്ടൊഴ്‌സിനെ നാനോ പ്ലാന്റ് സ്ഥാപിക്കാൻ പശ്ചിമ ബംഗാളിലേക്ക് ക്ഷണിച്ചത്. പ്ലാന്റ് സ്ഥാപിക്കാൻ 2006 ൽ സംസ്ഥാന സർക്കാർ സിംഗൂരിൽ 997 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു ടാറ്റക്ക് കൈമാറി. പദ്ധതിക്ക് കൈമാറിയ സ്ഥലം കൃഷിഭൂമി ആയതിനാൽ ഭൂമി നഷ്ടപെട്ട കർഷകർ വലിയ പ്രക്ഷോപം ആരംഭിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനർജി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു.രണ്ടു വര്ഷം നീണ്ടു നിന്ന സമരത്തിൽ അനേകം ജീവൻ പൊലിഞ്ഞു. അവസാനം 2008 ൽ ടാറ്റാസ് പ്ലാന്റിന്റെ നിർമ്മാണം ഉപേക്ഷിക്കുന്നതായി സർക്കാരിനെ അറിയിച്ചു. ഇതിനകം ടാറ്റ മോട്ടോഴ്‌സ് 1000 കോടി പ്ലാന്റിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചിരുന്നു. അതിനുശേഷം പദ്ധതി 2008 ഒക്ടോബറില്‍ സിംഗൂരില്‍ നിന്നും ഗുജറാത്തിലെ സനന്ദിലേക്ക് മാറ്റി
ടാറ്റാസ് പദ്ധതിയിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് സുപ്രീം കോടതി ഭൂമി കരഷകർക്കു തിരിച്ചു നൽകാൻ ഉത്തരവിട്ടു. മമത ബാനർജി മുഖ്യമന്ത്രി ആയപ്പോൾ സ്ഥലം കൃഷിക്കാർക്ക് തിരിച്ചു നൽകി.
ഈ ഉത്തരവിനെതിരെ കോര്പറേഷന് മേൽക്കോടതിയെ സമീപിച്ചില്ലങ്കിൽ, ഈ തുക മുഴുവനും സമരം നയിച്ച മമതാ ബാനർജി നേതൃത്വം നൽകുന്ന സർക്കായിരിക്കും ടാറ്റ മോട്ടോഴ്‌സിനു കൊടുക്കേണ്ടത്.