15 April 2023 2:45 PM IST
Summary
- ടെക്സ്റ്റൈല്‍സ് കയറ്റുമതി 35 ബില്യണ്‍
- പരുത്തി വില തിരിച്ചടി
- ഇറക്കുമതി കൂടുന്നു
രാജ്യത്തെ ടെക്‌സ്റ്റൈല്‍സ് ,അപ്പാരല്‍സ് കയറ്റുമതി ബിസിനസിന് ഇടിവ് നേരിട്ടു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 13% ഇടിഞ്ഞ് 35.5 ബി ല്യണ്‍ ഡോളറായി. മുന്‍വര്‍ഷം 41.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരിുന്നു നടന്നത്. രാജ്യത്തെ ആകെ ചരക്കുകയറ്റുമതിയുടെ 7.95 ശതമാനം ആണിത്. വസ്ത്ര കയറ്റുമതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.1% ഉയര്‍ന്ന് 16.1 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം 16.01 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു നടന്നിരുന്നത്.
ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി മാത്രം 23.3% ഇടിഞ്ഞ് 19.3 ബില്യണ്‍ ഡോളറായി. അതേസമയം കോട്ടണ്‍ നൂല്‍, ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെ ഇറക്കുമതി 26.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 'കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയെ സംബന്ധിച്ചിടത്തോളം വളരെ മോശം വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ ഈ മാര്‍ച്ച് മാസത്തില്‍ മാത്രം കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ കവിയുമെന്നും ഇത് ശുഭ സൂചനകളാണ് നല്‍കുന്നതെന്നും'' അദ്ദേഹം പറഞ്ഞു. എന്നാല്‍ പരുത്തിയുടെ വില കുതിച്ചുയരുന്നതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ചരക്ക് കെട്ടിക്കിടക്കുന്നതും തിരിച്ചടിയായെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ടെക്‌സ്റ്റൈല്‍സ് മേഖലയിലുള്ള അസംകൃത വസ്തുക്കള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.