5 Jun 2025 7:20 PM IST
കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോഗം (cabinet decisions) തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ ആങ്കർ ചെയ്യണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾ നെറ്റ് എന്നിവ ഈ കാലയളവിൽ അനുവദിക്കുന്നതല്ല.
കടലിൽ പോകുന്ന വലിയ വള്ളത്തോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. ഉപയോഗിക്കുന്ന കാരിയർ വള്ളത്തിൻ്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അതത് മത്സ്യഭവൻ ഓഫീസിൽ ഉടമകൾ റിപ്പോർട്ട് ചെയ്യണം. ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃത ബോട്ടുകൾക്ക് ഇന്ധനം നൽകാൻ പാടില്ല. ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ബങ്കുകൾ ട്രോളിംഗ് കാലയളവിൽ പ്രവർത്തിക്കാൻ പാടില്ല.