image

16 Aug 2025 4:28 PM IST

News

അലാസ്‌ക കഴിഞ്ഞു; ഇനി സെലെന്‍സ്‌കി വാഷിംഗ്ടണിലേക്ക്

MyFin Desk

alaska is over, now zelensky heads to washington
X

Summary

തിങ്കളാഴ്ചയാണ് സെലന്‍സ്‌കി വാഷിംഗ്ടണിലെത്തുക


തിങ്കളാഴ്ച വാഷിംഗ്ടണില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ട്രംപുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു.

2022 ലെ അധിനിവേശത്തിനുശേഷം പുടിന്റെ പടിഞ്ഞാറന്‍ മണ്ണിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അലാസ്‌കയിലേത്. എങ്കിലും ചര്‍ച്ചകളില്‍ കാര്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

പുടിനെ പൂര്‍ണ്ണ ബഹുമതികളോടെയാണ് ട്രംപ് സ്വീകരിച്ചത്. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നാണ് ട്രംപിന്റെ വാദം. ഉക്രെയ്നിനെക്കുറിച്ച് ഇരു നേതാക്കളും ഒരു 'ധാരണയില്‍' എത്തിയെന്ന് പുടിന്‍ അവകാശപ്പെട്ടു. കൂടാതെ ഈ പ്രക്രിയയെ ദുര്‍ബലപ്പെടുത്തരുതെന്ന് യൂറോപ്പിന് മുന്നറിയിപ്പും നല്‍കി.

ചര്‍ച്ചകള്‍ക്കുശേഷം വാഷിംഗ്ടണില്‍ വിമാനമിറങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തില്ല. സെലെന്‍സ്‌കിയുമായുള്ള ദീര്‍ഘമായ സംഭാഷണത്തിന് ശേഷം നാറ്റോ, യൂറോപ്യന്‍ നേതാക്കളുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, പോളിഷ് പ്രസിഡന്റ് കരോള്‍ നവ്‌റോക്കി, കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായും ട്രംപ് സംസാരിച്ചുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, യുഎസ്-റഷ്യ ചര്‍ച്ചകളില്‍ ട്രംപ്, പുടിന്‍, സെലെന്‍സ്‌കി എന്നിവര്‍ ഉള്‍പ്പെടുന്ന ത്രികക്ഷി കൂടിക്കാഴ്ചയുടെ സാധ്യതയെക്കുറിച്ച് 'ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല' എന്ന് ക്രെംലിന്‍ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.