8 July 2025 9:05 AM IST
Summary
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന തീരുവകള്‍ വിശദീകരിക്കുന്ന കത്തുകളുടെ ആദ്യ ഘട്ടം അയക്കുന്നതിനിടെയാണ് ഈ പരാമര്‍ശം.
ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അരികിലാണ് യുഎസ് എന്ന് ട്രംപ് വ്യക്തമാക്കി. മറ്റുള്ള രാജ്യങ്ങളുമായി ഉടന്‍ ഒരു കരാറില്‍ എത്താനാകുമെന്ന് കരുതുന്നില്ല. അതിനാല്‍ അവര്‍ക്ക് തീരുവ വ്യക്തമാക്കിയുള്ള കത്തുകള്‍ അയക്കുകയാണ്- ട്രംപ് പറഞ്ഞു.
ട്രംപ് ഒപ്പിട്ട ഈ കത്തുകള്‍ ലഭിച്ച രാജ്യങ്ങള്‍ ബംഗ്ലാദേശ്, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, കംബോഡിയ, ഇന്തോനേഷ്യ, ജപ്പാന്‍, കസാക്കിസ്ഥാന്‍, ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, മലേഷ്യ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ടുണീഷ്യ, മ്യാന്‍മാര്‍ എന്നിവയാണ്.
ആ രാജ്യങ്ങള്‍ നമ്മില്‍ നിന്ന് വലിയ താരിഫ് ഈടാക്കുകയായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200% താരിഫ് ഈടാക്കുകയും ബിസിനസ്സ് ചെയ്യുന്നത് അസാധ്യമാക്കുകയും ചെയ്യുന്ന ചില രാജ്യങ്ങള്‍ നമുക്കുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം തുടര്‍ന്നാല്‍ വാഷിംഗ്ടണ്‍ അവരുമായി വ്യാപാരം നടത്തില്ലെന്ന് രണ്ട് അയല്‍ക്കാരോടും പറഞ്ഞുകൊണ്ട് താന്‍ യുദ്ധം അവസാനിപ്പിച്ചുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അമേരിക്ക സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 10 മുതല്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്നും, ആണവായുധങ്ങളുള്ള ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ അമേരിക്ക അവരുമായി 'ധാരാളം വ്യാപാരം' നടത്തുമെന്ന് പറഞ്ഞതായും ട്രംപ് ഒരു ഡസനിലധികം തവണ ആവര്‍ത്തിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ആക്രമണം നടത്തി. ഈ ആക്രമണങ്ങള്‍ നാല് ദിവസത്തെ തീവ്രമായ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി, മെയ് 10 ന് സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ധാരണയില്‍ ഇത് അവസാനിച്ചു.