image

1 April 2026 9:28 PM IST

News

ഇറാന്‍ വെടിനിര്‍ത്തലിന് തയാറെന്ന് ട്രംപ്; പക്ഷേ ഒരു നിബന്ധന

MyFin Desk

Pope Leo XIV and Donald Trump illustration representing the diplomatic tension between Vatican and USA.
X

മാർപ്പാപ്പയും ഡൊണാൾഡ് ട്രംപും - വത്തിക്കാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു.

Summary

ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസനീയമായ ഉറപ്പ് ലഭിച്ചാല്‍ യുഎസ്-ഇസ്രയേല്‍ ശത്രുത അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ യൂറോപ്യന്‍ കൗണ്‍സിലിനെ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം


പുതിയ ഇറാന്‍ നേതൃത്വം വെടിനിര്‍ത്തലിനായി തന്നെ സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ഗാമികളേക്കാള്‍ ബുദ്ധിമാനും കർക്കശക്കാരനുമാണ് ഇറാന്റെ പുതിയ പ്രസിഡന്റ എന്ന് പറയുമ്പോഴും, ഹോര്‍മുസ് കടലിടുക്കിലെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും സ്വതന്ത്രമാകുന്നതുവരെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'അതുവരെ ഇറാനെ വിസ്മൃതിയിലേക്കോ, അവര്‍ തന്നെ വിശേഷിപ്പിക്കാറുള്ളതുപോലെ ശിലായുഗത്തിലേക്കോ ഞങ്ങള്‍ തിരികെ കൊണ്ടുപോകുകയാണ്' എന്ന ട്രംപിന്റെ വാക്കുകള്‍ പശ്ചിമേഷ്യയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസനീയമായ ഉറപ്പ് ലഭിച്ചാല്‍ യുഎസ്-ഇസ്രയേല്‍ ശത്രുത അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ യൂറോപ്യന്‍ കൗണ്‍സിലിനെ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. എന്നാല്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്ന കാര്യം ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി നിഷേധിച്ചു.

യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമസേനകള്‍ ഇറാന്റെ തന്ത്രപ്രധാനമായ ആയുധ ഗവേഷണ കേന്ദ്രങ്ങളിലും ഇസ്ഫഹാന്‍ സ്റ്റീല്‍ പ്ലാന്റ് പോലുള്ള വ്യവസായ ശാലകളിലും കഴിഞ്ഞ ആഴ്ചകളില്‍ കനത്ത ആക്രമണമാണ് നടത്തിയത്. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ തല്‍ക്കാലം ലക്ഷ്യം വെക്കുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും, ഏറ്റവും പുതിയ ഭീഷണി ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സൈനിക ശേഷിയെയും പാടെ തകര്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.

15 ഇന നിർദേശങ്ങൾ മുന്നോട്ട് വെച്ച് ട്രംപ്

നിലവില്‍ യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചാത്യ രാജ്യങ്ങളുമായി ബന്ധം പുനസ്ഥാപിക്കാന്‍ പെഷേഷ്‌കിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിലെ വ്യവസ്ഥകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ആഗോള എണ്ണവിപണിയെ ബാധിക്കുമെന്നതിനാല്‍, ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. വെടിനിര്‍ത്തലിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ട്രംപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു.