12 Sept 2025 1:13 PM IST
Summary
റഷ്യയെ സമാധാന ചര്‍ച്ചകളിലേക്ക് നയിക്കാന്‍ ട്രംപിന്റെ ശ്രമം
ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ ഉയര്‍ന്ന തീരുവ ചുമത്താന്‍ അമേരിക്ക ജി7 രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. റഷ്യയില്‍നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെന്ന നിലയിലാണ് ഇരു രാജ്യങ്ങള്‍ക്കുമെതിരെ ട്രംപിന്റെ നീക്കം. അതുവഴി ഉക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ സമാധാന ചര്‍ച്ചകളിലേക്കെത്തിക്കുക എന്നതാണ് യുഎസിന്റെ ലക്ഷ്യം.
അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്ന്‍ സംഘര്‍ഷം സംബന്ധിച്ച് സമാധാന കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്.
റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ജി7 രാജ്യങ്ങളെ ഇതേ ആവശ്യവുമായി സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഉപരോധങ്ങളെയും താരിഫുകളെയും ഈ ബ്ലോക്ക് വ്യത്യസ്തമായി പരിഗണിക്കുന്നതിനാല്‍ അത്തരമൊരു നീക്കം സാധ്യതയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ന്യൂഡല്‍ഹിയോടുള്ള തന്റെ നിലപാട് ട്രംപ് മയപ്പെടുത്തിയതായും സൂചനയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും ചര്‍ച്ചകള്‍ തുടരുകയാണെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ തീരുവകളുടെ കാര്യത്തില്‍ വരും ആഴ്ചകളില്‍ ഒരു തീരുമാനത്തിലെത്തിയേക്കുമെന്ന് ട്രംപിന്റെ പ്രതിനിധി സെര്‍ജിയോ ഗോര്‍ അഭിപ്രായപ്പെടുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാഷിംഗ്ടണ്‍ ന്യൂഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.