15 Sept 2025 11:12 AM IST
Summary
ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട കേസില്‍ അനുശോചനവുമായി പ്രസിഡന്റ്
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡാളസില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജര്‍ ചന്ദ്ര മൗലി നാഗമല്ലയ്യയെ ക്രൂരമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രതികരണം. സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് ഇരയുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും കുറ്റകൃത്യത്തെ അപലപിക്കുകയും ചെയ്തു. കേസില്‍ പ്രതിയായ ക്യൂബന്‍ സ്വദേശി യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിക്ക് നിരവധി കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടെന്ന് ട്രംപ് ആരോപിച്ചു. ക്യൂബ മുമ്പ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാര്‍ട്ടിനെസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി മകനുമൊപ്പം ഡാളസിലായിരുന്നു താമസം. കുടുംബത്തോടൊപ്പം മോട്ടലില്‍ എത്തിയ അദ്ദേഹം സഹപ്രവര്‍ത്തകനായ മാര്‍ട്ടിനെസുമായി ഒരു വാഷിംഗ് മെഷീന്‍ കേടായതിനെച്ചൊല്ലി തര്‍ക്കിച്ചു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ചന്ദ്രമൗലിയുടെ കുടുംബത്തിന് പിന്തുണ നല്‍കാന്‍ പ്രാദേശിക ഇന്ത്യന്‍ സമൂഹം ശ്രമം തുടങ്ങിയിട്ടുണ്ട്. ശവസംസ്‌കാരച്ചെലവുകള്‍, അടിയന്തര ജീവിതച്ചെലവുകള്‍, മകന്റെ കോളേജ് വിദ്യാഭ്യാസം എന്നിവയ്ക്കായി ആരംഭിച്ച ഒരു ഫണ്ട് ശേഖരണത്തിലൂടെ ഏകദേശം 200,000 ഡോളര്‍ ഇതുവരെ സമാഹരിക്കാനായി. ശനിയാഴ്ചയിരുന്നു ചന്ദ്രമൗലിയുടെ സംസ്‌കാരം.