31 Aug 2025 10:03 AM IST
Summary
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെടുന്നു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോബല്‍ സമ്മാന സ്വപ്‌നമാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇത് ഇന്ത്യ അംഗീകരിച്ചില്ല. ജൂണ്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ, സമാധാനത്തിനുള്ള നോബല്‍ സമ്മാന നാമനിര്‍ദ്ദേശത്തിന് ന്യൂഡല്‍ഹിയുടെ അംഗീകാരം തേടാന്‍ ട്രംപ് ശ്രമിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം താന്‍ പരിഹരിച്ചതായി ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് ശേഷമാണ് ജൂണ്‍ 17 ലെ ഫോണ്‍ കോള്‍ വന്നത്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള എതിര്‍പ്പ് വകവയ്ക്കാതെ ട്രംപ് അന്നുമുതല്‍ ഈ അവകാശവാദം ആവര്‍ത്തിക്കുന്നത് തുടരുകയാണ്.
ജൂണ്‍ 17-ന് നടന്ന ഫോണ്‍ കോളിനിടെ, ട്രംപ് 'സൈനിക സംഘര്‍ഷം അവസാനിപ്പിച്ചതില്‍ താന്‍ എത്രമാത്രം അഭിമാനിക്കുന്നു' എന്ന് പറയുകയും 'പാക്കിസ്ഥാന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് തന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പോകുകയാണെന്ന് പരാമര്‍ശിക്കുകയും ചെയ്തു' എന്ന് ന്യൂഡല്‍ഹിയിലെയും വാഷിംഗ്ടണിലെയും പേര് വെളിപ്പെടുത്താത്ത ആളുകളുമായി നടത്തിയ അഭിമുഖങ്ങള്‍ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.