6 Aug 2025 1:04 PM IST
Summary
സമുദ്രോല്‍പ്പന്നങ്ങള്‍, തേയില തുടങ്ങിയവയെ തീരുവ പ്രതികൂലമായി ബാധിക്കും
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുവ യുദ്ധം, കോവിഡ് മഹാമാരിയേക്കാള്‍ ഗുരുതരമായ പ്രതിസന്ധി സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തെ ഇത് രൂക്ഷമായി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കോവിഡിന് ശേഷം കേരളത്തിന്റെ വികസനം നേരിടുന്ന വെല്ലുവിളികള്‍ ബജറ്റിന്റെ കാഴ്ചപ്പാടിലൂടെ' എന്ന വിഷയത്തെ അധികരിച്ച് ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ( ഗിഫ്റ്റ് ) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍, തേയില തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ കയറ്റുമതിയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. ആഗോള വ്യാപാര മേഖലയില്‍ പിടി മുറുക്കുന്നതിന് വികസിത രാജ്യങ്ങള്‍ നടത്തുന്ന കിടമത്സരം, വികസ്വര രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും വിപണി തുറന്നു കിട്ടണമെന്ന ആവശ്യം സമ്പന്ന രാഷ്ട്രങ്ങള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. ലിറ്ററിന് 30 രൂപ നിരക്കില്‍ ഓസ്ട്രേലിയ ഇന്ത്യയില്‍ പാല്‍ വിതരണം ചെയ്യുമെന്ന വാര്‍ത്തകളുണ്ട് . ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് കനത്ത ആഘാതമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജി എസ് ടി നിരക്കുകള്‍ ഉയര്‍ന്നതാണെന്നും അത് കുറയ്ക്കണമെന്നും ആഗോള കുത്തകകമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി അവര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
കേരളം കടക്കെണിയിലാണെന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. വാസ്തവത്തില്‍ കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കടത്തിന്റെ തോത് 130000 കോടി രൂപ കുറയ്ക്കാനായെന്ന് മന്ത്രി വ്യക്തമാക്കി.
കേരളം ധനപരമായ ഞെരുക്കം നേരിടുന്നതിന് പ്രധാന കാരണം പ്രകൃതി ദുരന്തവും കോവിഡ് പ്രതിസന്ധിയുമാണെന്ന് ഉദ്ഘാടന സെഷനില്‍ അധ്യക്ഷത വഹിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. എം. എ ഉമ്മന്‍ അഭിപ്രായപ്പെട്ടു. അഴിമതിയാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അഴിമതി ഇല്ല എന്ന് നടിച്ച് മുന്നോട്ട് പോയിട്ട് കാര്യമില്ല . അതിനെ നേരിടാതെ സാമ്പത്തികമായി സംസ്ഥാനത്തിന് മുന്നോട്ട് പോവുക അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡീഷണല്‍ ചീഫ് സെക്രെട്ടറി കെ. ആര്‍ ജ്യോതിലാല്‍ , കെ എസ് ഐ ഡി സി ചെയര്‍മാനും പെറുമോ പെന്‍പോള്‍ സ്ഥാപക സി ഇ ഒയുമായ സി . ബാലഗോപാല്‍ എന്നിവരും സംസാരിച്ചു.