image

19 Aug 2023 11:51 AM IST

News

'സ്റ്റാര്‍ട്ടപ്പ് തിരുവിഴ' 2023 കോയമ്പത്തൂരില്‍

MyFin Desk

startup thiruvizha in coimbatore
X

Summary

  • സംരംഭകത്വത്തിന്റെ ആഘോഷത്തിന് തിരുവിഴ അവസരമൊരുക്കുന്നു
  • എക്‌സ്‌പോ 10,000പേരെയെങ്കിലും ആകര്‍ഷിക്കുമെന്ന് വിലയിരുത്തല്‍
  • സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപങ്ങള്‍ക്കും അവസരം


സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷനുമുള്ള തമിഴ്നാട്ടിലെ നോഡല്‍ ഏജന്‍സിയായ 'സ്റ്റാര്‍ട്ടപ്പ് ടിഎന്‍' ഓഗസ്റ്റ് 19, 20 തീയതികളില്‍ 'തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് തിരുവിഴ 2023' സംഘടിപ്പിക്കുന്നു. കോയമ്പത്തൂരിലെ ട്രേഡ് ഫെയര്‍ കോംപ്ലക്‌സിലാണ് ദ്വിദിന പരിപാടി നടക്കുന്നത്. തമിഴ്‌നാട്ടിലെ സംരംഭകത്വം ആഘോഷിക്കുന്നതിനും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ആവര്‍ത്തിക്കുന്നതിനുമാണ് 'തിരുവിഴ' സംഘടിപ്പിച്ചിരിക്കുന്നതെന്ന് മിഷന്‍ ഡയറക്ടറും സിഇഒയുമായ ശിവരാജ രാമനാഥന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന 450-ലധികം സ്റ്റാളുകളുള്ള ഒരു എക്‌സ്‌പോയും ഇതില്‍ ഉണ്ട്. പ്രഭാഷണങ്ങള്‍ , അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലീനറി ചര്‍ച്ചകള്‍ എന്നിവയും ഇതിനൊപ്പം നടക്കും.

'തിരുവിഴയില്‍' സ്റ്റാര്‍ട്ടപ്പ് ടിഎന്‍ നടത്തുന്ന പുതിയ സംരംഭങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്ന് ശിവരാജ രാമനാഥന്‍ പറഞ്ഞു. വിവിധ സെഷനുകളില്‍ തമിഴ്‌നാട്ടില്‍ നിന്നും ആഗോള തലത്തില്‍ നിന്നും ഉള്ള 1500-ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്ത്യയിലെ പ്രമുഖ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷനുകളുടെ മേധാവികള്‍, വിഷയ വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 50-ലധികം പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനും തിരുവിഴയിലുണ്ട്.

തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, ഗ്ലോബല്‍ തമിഴ് ഡയസ്‌പോറ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും ഓഹരി ഉടമകളും ഉള്‍പ്പെടെ 10,000 പേരെയെങ്കിലും എക്‌സ്‌പോ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ടിഎന്‍ 50 സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് അവരുടെ തനതായ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകള്‍, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന് സൗജന്യ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. 75-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, മറ്റ് ഓഹരി ഉടമകള്‍ എന്നിവയ്ക്കിടയില്‍ പരസ്പരം ആശയവിനിമയം നടത്താനും ഇവന്റ് സഹായിക്കും.

കൂടാതെ, ഇവന്റില്‍ തത്സമയ ഉല്‍പ്പന്ന ഡെമോകള്‍, പിച്ച് സെഷനുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഞ്ചല്‍ നിക്ഷേപകര്‍ക്കും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ഇത് സഹായകമാകും.2