15 Sept 2025 3:26 PM IST
Summary
യുകെയില്‍ വംശീയ ആക്രമണങ്ങളും വര്‍ധിക്കുന്നു
ലണ്ടനില്‍ നടന്ന കുടിയേറ്റ വിരുദ്ധ റാലി ഇന്ത്യന്‍ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന റാലിയില്‍ ഒന്നര ലക്ഷത്തോളം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. റാലി പിന്നീട് അക്രമാസക്തമാകുകയും പോലീസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
'നമ്മുടെ രാജ്യം തിരികെ വേണം'എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മുന്നേറിയത്.
ഈ വര്‍ഷം ജൂലൈയില്‍ രാജ്യം 'വലിയ തോതിലുള്ള സിവില്‍ അനുസരണക്കേടിന്റെ' വക്കിലാണെന്ന് റിഫോം യുകെയുടെ നേതാവ് നിഗല്‍ ഫാരേജ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് രണ്ട് മാസങ്ങള്‍ക്കുശേഷമാണ് അക്രമാസക്തമായ റാലി അരങ്ങേറിയത്. ബ്രിട്ടനില്‍ കുടിയേറ്റ ചര്‍ച്ച എത്രത്തോളം ചൂടേറിയതാണെന്ന് ഈ ഏറ്റുമുട്ടലുകള്‍ തെളിയിക്കുന്നു. ഇത് ഇന്ത്യാക്കാരെയും ബാധിക്കുന്ന വിഷയമാണ്. ബിട്ടനെ ഒരു പശ്ചിമേഷ്യന്‍ രാജ്യമാക്കി മാറ്റരുതെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ടെസ്ല ചീഫ് എക്സിക്യൂട്ടീവും എക്സ് ഉടമയുമായ എലോണ്‍ മസ്‌ക് വീഡിയോ ലിങ്ക് വഴി റാലിയെ അഭിസംബോധന ചെയ്തു. മസ്‌കിന്റെ വാക്കുകള്‍ പ്രകേപനപരമായിരുന്നു.
സെന്റ് ജോര്‍ജ്ജ് പതാകകളും യൂണിയന്‍ ജാക്കും സമീപ മാസങ്ങളില്‍ കൂടുതല്‍ സാധാരണമായി മാറിയിരിക്കുന്നു. ചിലര്‍ക്ക് അവ ദേശീയ അഭിമാനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവ പ്രതിഷേധങ്ങള്‍ക്കൊപ്പമുള്ള ദേശീയതയുടെ ഒരു ശക്തമായ വശത്തെ പ്രതിനിധീകരിക്കുന്നു.
ഇതിനൊപ്പം യുകെയില്‍ പല സ്ഥലങ്ങളിലും വംശീയ ആക്രമണങ്ങളും അരങ്ങേറുന്നു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ ബ്രിട്ടനില്‍ വര്‍ധിക്കുകയാണ്. ലണ്ടന്‍ മാര്‍ച്ചിന് വെറും ഒരാഴ്ച മുമ്പ്, വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഓള്‍ഡ്ബറിയില്‍ ഇരുപതുകളുള്ള ഒരു സിഖ് സ്ത്രീയെ രണ്ട് പുരുഷന്മാര്‍ ആക്രമിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അവര്‍ സ്ത്രീയോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പ്രവാസികള്‍ എപ്പോഴും ഒരാക്രമണം ഭയക്കുന്നു. യുകെ യില്‍ സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. നിലവിലുള്ള സര്‍ക്കാരിനെതിരായ പ്രതിഷേധവും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ പലരും തെരുവിലേക്കിറങ്ങാന്‍ പോലും ഭയപ്പെടുന്നു.
ബ്രിട്ടനില്‍ നിലവില്‍ രണ്ട് ദശലക്ഷത്തോളം ഇന്ത്യാക്കാര്‍ താമസിക്കുന്നുണ്ട്. 023-ല്‍ ഏകദേശം 250,000 ഇന്ത്യന്‍ പൗരന്മാര്‍ ജോലി, പഠനം, മറ്റ് ആവശ്യങ്ങള്‍ക്കായി യുകെയില്‍ എത്തി, ആ വര്‍ഷം പുതിയ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ ഗ്രൂപ്പായി അവര്‍ മാറി.