image

14 Aug 2025 11:36 AM IST

News

ചര്‍ച്ച പരാജയപ്പെട്ടാല്‍ റഷ്യക്കെതിരെ കനത്ത ഉപരോധമെന്ന് ട്രംപ്; ഇന്ത്യക്കും ഭീഷണി

MyFin Desk

ചര്‍ച്ച പരാജയപ്പെട്ടാല്‍ റഷ്യക്കെതിരെ കനത്ത   ഉപരോധമെന്ന് ട്രംപ്; ഇന്ത്യക്കും ഭീഷണി
X

Summary

ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാടുമാറ്റമില്ലാതെ റഷ്യ


റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്കു മുമ്പേ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്നിലെ സമാധാനത്തിന് തടസ്സം സൃഷ്ടിച്ചാല്‍ 'കടുത്ത പ്രത്യാഘാതങ്ങള്‍' നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച യുഎസിലെ അലാസ്‌കയിലാണ് ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുടിന്‍ കൂടിക്കാഴ്ച നടക്കുക. ഉക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

അലാസ്‌കയിലെ കൂടിക്കാഴ്ച ഫലം കണ്ടില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും എന്നാണ് ട്രംപ് നല്‍കുന്ന സൂചന.

അങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യക്കായിരിക്കും കനത്ത തിരിച്ചടിയാകുക. ഇപ്പോള്‍ത്തന്നെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ച ഇന്ത്യന്‍ ഉല്‍പ്പന്നകയറ്റുമതിക്കെതിരെ തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യത ഏറെയാണ്. ഇക്കാരണത്താല്‍ നാളെ നടക്കുന്ന ചര്‍ച്ച ഇന്ത്യ സൂക്ഷമമായി വീക്ഷിക്കും. ഇന്ത്യ റഷ്യയുമായി കൂടുതല്‍ വ്യാപാരത്തിന് തയ്യാറെടുക്കുന്ന സാഹചര്യം കൂടിയാണ് ഇത്.

ചര്‍ച്ചകള്‍ സാധ്യമായ രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കുള്ള ഒരു ചവിട്ടുപടിയായി വര്‍ത്തിക്കുമെന്ന് ട്രംപ ഊന്നിപ്പറഞ്ഞു. രണ്ടാമത് നടക്കുന്ന ചര്‍ച്ച ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഉള്‍പ്പെട്ടതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്‌നിലെ സംഘര്‍ഷം ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങളുടെ ഫലമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുടിനുമായുള്ള ചര്‍ച്ച തുടങ്ങി രണ്ടു മിനിട്ടിനുള്ളില്‍ തീരുമാനം തനിക്ക് മനസിലാകുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കാരണം ഇതില്‍ തീരുമാനമെടുക്കുന്നത് അദ്ദേഹമാണെന്നാണ് പ്രസിഡന്റിന്റെ വാദം.

എന്നാല്‍ ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യ നിര്‍ദ്ദേശിക്കുന്ന ചിലപ്രദേശങ്ങള്‍ കീവ് മോസ്‌കോയ്ക്ക് വിട്ടുകൊടുക്കണമെന്നാണ് പുടിന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഈ നീക്കത്തിനെതിരാണ്. ഫ്രാന്‍സും ജര്‍മ്മനിയും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധത്തെ അഭിസംബോധന ചെയ്യുന്നതിനാണ് അലാസ്‌ക യോഗം ഉദ്ദേശിക്കുന്നത് - രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷമാണിത്. പോരാട്ടം അവസാനിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രദേശിക കൈമാറ്റം ആവശ്യമായിരിക്കാമെന്ന് ട്രംപ് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു, ഈ ആശയം കൈവിലും യൂറോപ്പിലുടനീളം ആഴത്തിലുള്ള ആശങ്ക സൃഷ്ടിച്ചിരുന്നു.

അതേസമയം, ക്രെംലിന്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകളൊന്നും കാണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ മോസ്‌കോയുടെ ആവശ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അലക്‌സി ഫദീവ് ആവര്‍ത്തിച്ചു.