21 April 2023 3:45 PM IST
Summary
- സമ്പാദ്യത്തിന്റെ 6 ശതമാനം നിക്ഷേപിക്കുന്നത് സ്വർണത്തിൽ
- 2018 നു ശേഷം സ്വർണ വിലയിൽ 80 ശതമാനം വർധന
ദിനം പ്രതി സ്വർണ വില കുതിക്കുകയാണ്. സംസ്ഥാനത്തെ കാര്യം പരിഗണിക്കുകയെങ്കിൽ സ്വർണത്തിന് നിലവിൽ പവന് 44840 രൂപയാണ്. അതിനാൽ ഒരു നിക്ഷേപകന്റെ നിക്ഷേപ തന്ത്രങ്ങളിൽ സ്വർണത്തിന് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണുള്ളത്. അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച്, സ്വർണ്ണ ആവശ്യകതയിൽ ഇടിവ് വന്നേക്കാമെന്ന കണക്കുകൾ പുറത്തു വരുന്നുണ്ട്.
എങ്കിലും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സർവീസ് കമ്പനിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ സർവേയിൽ പറയുന്നത് രാജ്യത്തെ അതി സമ്പന്നരുടെ നിക്ഷേപ പട്ടികയിലും സ്വർണത്തിന് വലിയ പങ്കുണ്ടെന്നാണ്. അതി സമ്പന്നരായ വ്യക്തികൾ അവരുടെ സമ്പാദ്യത്തിന്റെ 6 ശതമാനവും സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. 2018 ൽ ഇത് 4 ശതമാനമായിരുന്നു.
ആഗോള തലത്തിൽ നോക്കുകയാണെകിൽ ഏറ്റവുമധികം സ്വർണ നിക്ഷേപം നടത്തുന്നത് ഓസ്ട്രിയയിലാണ്. സമ്പാദ്യത്തിന്റെ 8 ശതമാനവും സ്വർണത്തിൽ നിക്ഷേപിക്കുന്നു. ഇന്ത്യയിലും ചൈനയിലും 6 ശതമാനത്തോളം സ്വർണത്തിലാണ് അതിസമ്പന്നർ നിക്ഷേപിക്കുന്നത്.
സ്വർണത്തിലുള്ള നിക്ഷേപം ഉയർന്നതിന് പിന്നിലെ പ്രധാന കാരണം കഴിഞ്ഞ കുറച്ചു വർഷണങ്ങളിൽ സ്വർണത്തിൽ നിന്നുണ്ടായ വരുമാന വർദ്ധനവ് തന്നെയാണ്. 2018 ന് ശേഷം സ്വർണ വിലയിൽ 80 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. മുംബൈയിൽ സ്വർണ വില 2018 ൽ റിപ്പോർട്ട് ചെയ്ത 29304 കോടി രൂപയിൽ നിന്നും 52760 കോടി രൂപയായി ഉയർന്നു.
പാൻഡെമിക് മൂലം പലിശ നിരക്ക് കുറച്ചതും, കേന്ദ്ര ബാങ്കുകളുടെ പണ ലഭ്യത ലളിതമാക്കി കൊണ്ടുള്ള നടപടികളും സ്വർണ വില വില കുതിക്കുന്നതിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യ പസിഫിക് മേഖലയിൽ ഇന്ത്യയിലാണ് ഏറ്റവുമധികം സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർ ഉൾപ്പെടുന്നത്. റിപ്പോർട്ട് പ്രകാരം ഏഷ്യ പസിഫിക് മേഖലയിൽ ശരാശരി നിക്ഷേപം 3 ശതമാനവും ആഗോളതലത്തിൽ ഇത് 4 ശതമാനവുമായി.
യു എസ്, സൗത്ത് കൊറിയ, ഇറ്റലി, അയർലണ്ട് എന്നിവിടങ്ങളിലെ സമ്പന്നർ, അവരുടെ സമ്പാദ്യത്തിന്റെ 1 ശതമാനം മാത്രമാണ് സ്വർണത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. യു കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് 2 ശതമാനമാണ്.