9 Dec 2023 6:02 PM IST
Summary
ക്രിപ്റ്റോകറന്‍സി ദുരുപയോഗങ്ങളും ബഹിരാകാശ വിക്ഷേപണങ്ങളും ഉള്‍പ്പെടെ സൈബര്‍സ്പേസിലെ ഉത്തരകൊറിയയുടെ ഭീഷണികളോട് പ്രതികരിക്കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും തീരുമാനിച്ചു. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതല്‍ ചാര ഉപഗ്രഹങ്ങള്‍ വിന്യസിക്കുമെന്ന് പ്യോങ്യാങ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ സോളില്‍ യോഗം ചേരുകയായിരുന്നു.
ഓഗസ്റ്റില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച ക്യാമ്പ് ഡേവിഡ് ത്രിരാഷ്ട്ര ഉച്ചകോടിയില്‍ യുഎസിന്റെയും അതിന്റെ രണ്ട് പ്രധാന ഏഷ്യന്‍ സഖ്യകക്ഷികളുടെയും നേതാക്കളും സുരക്ഷയും സാമ്പത്തിക സഹകരണവും ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്ന് സള്ളിവന്‍ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യം, ക്രിപ്റ്റോകറന്‍സി കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ മുതല്‍ അശ്രദ്ധമായ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ വരെ ഉത്തരകൊറിയ നടത്തുന്നു. ഈ ഭീഷണികളെ നേരിടാന്‍ പുതിയ ത്രിരാഷ്ട്ര സംരംഭങ്ങളും ആരംഭിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തരകൊറിയയുടെ ആണവ മിസൈല്‍ വികസനത്തിനുള്ള 'ഫണ്ട് സ്രോതസ്സ്' നിയമവിരുദ്ധമായ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് ജാപ്പനീസ് സുരക്ഷാ ഉപദേഷ്ടാവ് ടകെയോ അകിബ പറഞ്ഞു.
ചൈനയുടെ വര്‍ധിച്ചുവരുന്ന ശക്തിയും ഉത്തരകൊറിയയില്‍ നിന്നുള്ള ആണവ ഭീഷണികളും നേരിടാന്‍ ഐക്യം പ്രകടിപ്പിക്കുന്നതിനായി ബൈഡന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി ക്യാമ്പ് ഡേവിഡില്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
തായ്വാന്‍ കടലിടുക്കിലൂടെയുള്ള നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി രാജ്യങ്ങള്‍ നിലകൊള്ളുന്നത് തുടരുകയാണെന്ന് സള്ളിവന്‍ പറഞ്ഞു.
ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പ്യോങ്യാങ്
അതേസമയം കൂടുതല്‍ ചാര ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിക്കാന്‍ പ്യോങ്യാങ് തീരുമാനിച്ചതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
മറ്റേതൊരു രാജ്യത്തേയും പോലെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ബഹിരാകാശ വികസനം.
എന്നാല്‍ ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ ലംഘിക്കുന്ന ബാലിസ്റ്റിക്-മിസൈല്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സള്ളിവന്‍ പറഞ്ഞു.എന്നാല്‍ ദക്ഷിണ കൊറിയയുടേത് അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ, മിസൈല്‍ പദ്ധതികള്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ ഉത്തരകൊറിയ സൈബര്‍ ആക്രമണങ്ങള്‍ ഉപയോഗിക്കുന്നതായി ഉപരോധ നിരീക്ഷകര്‍ ആരോപിച്ചു. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം പ്യോങ്യാങ് കഴിഞ്ഞ വര്‍ഷം അതിന്റെ ക്രിപ്റ്റോകറന്‍സി മോഷണം ശക്തമാക്കിയിരുന്നു. 2022-ല്‍ മറ്റേതൊരു വര്‍ഷത്തേക്കാളും കൂടുതല്‍ മോഷ്ടിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവര്‍ ഉപയോഗിച്ചു.
ഹാക്കിംഗ് അല്ലെങ്കില്‍ മറ്റ് സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉത്തര കൊറിയ നിഷേധിച്ചു.